ചെന്നൈ: പുതിയ പാർട്ടി പ്രഖ്യാപിച്ച് എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായിയുമായ വി.കെ. ശശികല. പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് ശശികല പറഞ്ഞു. പാർട്ടി പതാക പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയിൽ അന്തരിച്ച നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ട്. ജയലളിതയുടെ ജന്മവാർഷിക ദിനത്തിൽ രാമനാഥപുരം ജില്ലയിലെ കമുത്തിയിൽ നടന്ന പൊതുയോഗത്തിലാണ് ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
'നമ്മൾ ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഞങ്ങൾ ഒരു പുതിയ പാർട്ടി ആരംഭിക്കാൻ പോകുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചത്. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമെന്നും ശശികല പ്രഖ്യാപിച്ചു. പാർട്ടി ദ്രാവിഡ പ്രസ്ഥാനത്തെ പിന്തുടരുമെന്നും ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടി പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു.
ശത്രുക്കളെയും രാജ്യദ്രോഹികളെയും വേരോടെ പിഴുതെറിയുമെന്നും ശശികല അവകാശപ്പെട്ടു. 2016ൽ ജയലളിതയുടെ മരണത്തിനു ശേഷം മന്ത്രിമാരും എം.എൽ.എമാരും തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടതായി ശശികല പറഞ്ഞു. എന്നാൽ തനിക്ക് വ്യക്തിപരമായ കടമകൾ നിർവഹിക്കാനുണ്ടെന്നും ഒ. പനീർശെൽവം മുഖ്യമന്ത്രിയായി തുടരണമെന്നും പറഞ്ഞ് ആ സമയത്ത് അത് നിരസിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
2026ന്റെ ആദ്യ പകുതിയിൽ 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റാരോപിതയായതിനെ തുടർന്നാണ് ശശികലയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.