ആത്താഴത്തിനും നോമ്പുതുറക്കും ഉള്ള ഭക്ഷണം ആവശ്യപ്പെട്ടു; പഞ്ചാബിൽ മുസ്ലിം വിദ്യാർഥികളോട് കാമ്പസ് വിട്ടുപോകാൻ ഭീഷണി

ചണ്ഡീഗഡ്: റമദാൻ സമയത്തെ അടിസ്ഥാന ഭക്ഷണ ക്രമീകരണങ്ങൾ ആവശ്യപ്പെട്ടതിന് വിദ്യാർഥികളോട് കാമ്പസ് ഒഴിയാൻ ഭീഷണി. ആത്താഴത്തിനും നോമ്പുതുറക്കും ഉള്ള ഭക്ഷണം ആവശ്യപ്പെട്ട പഞ്ചാബിലെ സി.ടി. യൂനിവേഴ്സിറ്റിയിലെ കശ്മീരി മുസ്ലിം വിദ്യാർഥികളെയാണ് പ്രവേശനം റദ്ദാക്കുമെന്ന് പറഞ്ഞ് അധികൃതർ ഭീഷണിപ്പെടുത്തിയത്.

'അത്താഴത്തിനോ ഇഫ്താറിനോ ഭക്ഷണം ഒന്നും ലഭിക്കുന്നില്ല. ഞങ്ങളോട് അന്യായമായിയാണ് പെരുമാറുന്നത്. ഇന്നും ഞങ്ങൾ മെസ്സിൽ പോയപ്പോൾ ഭക്ഷണം ലഭ്യമല്ലായിരുന്നു' -വിദ്യാർഥികൾ വിഡിയോയിൽ പറഞ്ഞു. യൂനിവേഴ്സിറ്റി വൈസ് ചാൻസലർ മോശം ഭാഷ ഉപയോഗിച്ചെന്നും പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.

ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, വൈസ് ചാൻസലർ കശ്മീരി വിദ്യാർഥികളെ കാമ്പസ് വിട്ടുപോകാൻ ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. 'ഞാൻ ഇവിടെയുള്ള എല്ലാവരെയും പുറത്താക്കാൻ പോകുന്നു. നിങ്ങളുടെ പ്രവേശനം റദ്ദാക്കിയിരിക്കുന്നു' -എന്നാണ് വൈസ് ചാൻസലർ പറയുന്നത്. അതേസമയം, ജമ്മുകശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (ജെ.കെ.എസ്.എ) പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിന്നോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പതിവായി ഫീസ് അടക്കുന്ന വിദ്യാർഥികളാണെന്നും റമദാൻ സമയത്ത് യൂനിവേഴ്സിറ്റി മെസ്സിൽ ഉചിതമായ സമയത്ത് ഭക്ഷണം നൽകണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും അസോസിയേഷന്റെ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. വിദ്യാർഥികളുടെ ന്യായമായ അഭ്യർഥന പരിഗണിക്കുന്നതിനുപകരം, വൈസ് ചാൻസലറും മറ്റ് ചില ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും കാമ്പസ് ഒഴിയാനുള്ള മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നതെന്ന് നാസിർ വ്യക്തമാക്കി.

സ്വന്തം വിശ്വാസം പിന്തുടരുന്നതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും ശത്രുത നേരിടേണ്ടി വരരുതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകൾ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇടങ്ങളായിരിക്കണമെന്നും ഭരണഘടന മൂല്യങ്ങളും പ്രദേശമോ മതമോ പരിഗണിക്കാതെ തുല്യ പരിഗണനയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് ഇനി പീഡനം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പഞ്ചാബിലെ ലുധിയാനയിലുള്ള സ്വകാര്യ സർവകലാശാലയാണ് സി.ടി. യൂനിവേഴ്സിറ്റി. സംസ്ഥാനത്തെ മികച്ച സർവകലാശാലകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 

Tags:    
News Summary - Kashmiri students threatened for asking sehri, iftar at Punjab university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.