ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നു; സർക്കാർ ഫലസ്തീൻ ജനതയെ കൈവിട്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സർക്കാർ ഫലസ്തീൻ ജനതയെ കൈവിട്ടെന്ന് കോൺഗ്രസ്. ഗസ്സയിലെ സാധാരണക്കാർക്കെതിരായ ഇസ്രായേൽ ആക്രമണം ദയയില്ലാതെ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഫലസ്തീനികളുടെ ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ച് മോദി സർക്കാർ നിന്ദ്യവും കപടവുമായ പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവർ അത് ഉപേക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ആയിരക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കിയത് കൂടുതൽ രൂക്ഷമാവുകയും ലോകമെമ്പാടും അപലപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. ഗസ്സയിലെ സാധാരണക്കാർക്കെതിരായ ഇസ്രായേലിന്റെ ആക്രമണം നിഷ്കരുണം തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലും യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. 'എന്നിട്ടും പ്രധാനമന്ത്രി നാളെ ഇസ്രായേലിലേക്ക് പോകുന്നു (അവിടെ മൊദാനി ബന്ധവുമുണ്ട്). ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന തന്റെ ഉറ്റ സുഹൃത്ത് മിസ്റ്റർ നെതന്യാഹുവിനെ ആലിംഗനം ചെയ്യാൻ' -അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ പ്രതിപക്ഷം മോദിയുടെ ഇസ്രായേൽ പാർലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 25ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഇസ്രായേലിൽ എത്തുമെന്നാണ് റിപ്പോർട്ട്. സന്ദർശനത്തിനിടയിൽ നരേന്ദ്രമോദി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഐസാക് ഹെർസോഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 

Tags:    
News Summary - Congress slams Prime Minister's upcoming visit to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.