പദയാത്രക്ക് അനുമതിയില്ല; നിരാഹാരമിരുന്ന വൈ.എസ് ശർമിളയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

ഹൈദരാബാദ്: തെലങ്കാനായിൽ സംസ്ഥാന വ്യാപക പദയാത്ര തുടരാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് വൈ.എസ്.ആർ തെലങ്കാന പാർട്ടി ​അധ്യക്ഷ വൈ.എസ് ശർമിള നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം പൊലീസ് ബലം പ്രയോഗിച്ച് അവസാനിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവരെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയാണ് ശർമിള പാർട്ടി ആസ്ഥാനത്ത് നിരാഹാര സമരം ആരംഭിച്ചത്. സംഭവ സ്ഥലത്തു നിന്ന് മാധ്യമങ്ങളെയും പാർട്ടി പ്രവർത്തകരെയുമെല്ലാം അകറ്റിയ പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പൊലീസ് സമരവേദിയിലെത്തിയത്.

വെള്ളം പോലും കുടിക്കാത്തതിനെ തുടർന്നാണ് ശർമിളയുടെ ആരോഗ്യനില വഷളായത്. അവരുടെ രക്തസമ്മർദ്ദവും ഗ്ലൂക്കോസ് നിലയും ഗുരുതരമാകാവുന്ന തരത്തിൽ താഴ്ന്ന നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിർജലീകരണം സംഭവിച്ചിട്ടുണ്ടെന്നും ഇത് വൃക്കകളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.

അവിഭക്ത ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകളാണ് വൈ.എസ് ശർമിള.

തന്റെ പദയാത്രക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹുസൈൻ സാഗർ തടാകത്തിന് സമീപമുള്ള അംബേദ്കർ പ്രതിമയിൽ ശർമിള നിവേദനം സമർപ്പിക്കുകയും അവിടെ ഉപവാസ സമരം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം ഉപവാസങ്ങൾ ഇവിടെ അനുവദനീയമല്ലാത്തതിനാൽ പാർട്ടി ആസ്ഥാനമായ ലോട്ടസ് പോണ്ടിലേക്ക് ശർമിളയെ മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Telangana's YS Sharmila "Forcibly" Shifted To Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.