ന്യൂഡല്‍ഹി: ജാതീയ പരാമർശം നടത്തിയ വി.സി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടും സ്റ്റുഡന്‍റ്സ് യൂനിയൻ നേതാക്കളെ പുറത്താക്കിയതിലും പ്രതിഷേധിച്ച് ജെ.എൻ.യു ക്യാമ്പസില്‍ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു.
ഇടതു വിദ്യാര്‍ഥി സംഘടന സംഘടിച്ച നൂറുകണക്കിന് വിദ്യാർഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച പ്രതിഷേധത്തിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കല്ലേറുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. കാമ്പസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെന്ന് വിദ്യാർഥികള്‍ അറിയിച്ചു. മാർച്ചിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സബര്‍മതി ടി പോയിന്റില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വി.സിയുടെ വസതിക്ക് സമീപത്തെ ഈസ്റ്റ് ഗേറ്റിലാണ് അവസാനിച്ചത്.
അതേസമയം, മാര്‍ച്ചിന് നേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്ലെറിയുകയും നിരായുധരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എ.ഐ.എസ്.എ) ഉള്‍പ്പടെയുള്ള ഇടതുപക്ഷ സംഘടനകള്‍ അറിയിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് എ.ബി.വി.പി രംഗത്തെത്തി.
കഴിഞ്ഞയാഴ്ച ഒരു പോഡ്കാസ്റ്റിലായിരുന്നു ജെ.എന്‍.യു വി.സിയുടെ വിവാദ പരാമര്‍ശം. സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഈ വാദം മുമ്പോട്ടുവെക്കുന്നതിലൂടെ നമുക്ക് ഒരിക്കലും പുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ശാന്തിശ്രീ ദുലിപുടിയുടെ പരാമര്‍ശം.
ആര്‍.എസ്.എസുമായുള്ള ബന്ധത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സംഘപരിവാര്‍ അനുകൂലിയും വലത് വാദിയുമായ ശാന്തിശ്രീ ദുലിപുടി പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.