നോയിഡ: നോയിഡ സെക്ടർ 15എയിലെ വൃന്ദാവൻ പാർക്ക് തകർത്ത് ക്ഷേത്രം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ. മതിയായ കൂടിയാലോചനകളില്ലാതെയും പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ടാണ് ഇവിടുത്തെ താമസക്കാർ അലഹബാദ് ഹൈകോടതിയിൽ ഹരജി നൽകിയത്.
കഴിഞ്ഞ ആഴ്ച പാർക്കിനുള്ളിൽ ‘മതപരമായ ആവശ്യങ്ങൾക്കായി നിർദേശിക്കപ്പെട്ട സ്ഥലം’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടതോടെയാണ് തർക്കം രൂക്ഷമായത്. നോയിഡ അതോറിറ്റിയുടെ ഔദ്യോഗിക മുദ്രകളില്ലാതെ സ്ഥാപിച്ച ബോർഡിനെതിരെ ജനങ്ങൾ രംഗത്തുവരികയായിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ അതോറിറ്റിയുടെ ഒപ്പോടു കൂടിയ പുതിയ ബോർഡ് അവിടെ സ്ഥാപിക്കപ്പെട്ടു. ഇതോടെ സമാധാനപരമായി കഴിഞ്ഞിരുന്ന സൊസൈറ്റി രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞു. ശേഷം പാർക്ക് നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരും ക്ഷേത്രം വേണമെന്ന് ആവശ്യപ്പെടുന്നവരും തമ്മിൽ കഴിഞ്ഞ ബുധനാഴ്ച വാക്കുതർക്കമുണ്ടായി.
ക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നവർ മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതായും പാർക്ക് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടവർക്കെതിരെ അതിക്രമിച്ചു കയറിയതിന് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ പ്രതിഷേധം ഏതെങ്കിലും വിശ്വാസത്തിന് എതിരല്ലെന്നും മറിച്ച് പച്ചപ്പ് നിലനിർത്താനാണെന്നും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തെ തെറ്റായി കാണിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം നിർഭാഗ്യകരമാണെന്നും സമാധാനപരമായി കഴിയുന്ന ഹിന്ദു സമൂഹത്തെ ഇത് ഭിന്നിപ്പിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
ഏകദേശം 200ഓളം വലിയ മരങ്ങൾ നിൽക്കുന്ന ഈ പാർക്ക് മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും പ്രധാന കേന്ദ്രണ്. നിർമാണം നടന്നാൽ അത് ഇവിടുത്തെ വായുനിലവാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം പാർക്ക് ഇല്ലാതാകുന്നതോടെ പ്രദേശം കൂടുതൽ തിരക്കുള്ളതാകുമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. പാർക്ക് സംരക്ഷിക്കുന്നതിനായി ശക്തമായ ഓൺലൈൻ കാമ്പയിനും താമസക്കാർ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.