വിഷം കുത്തിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർഥിനി മരിച്ചു; റാഗിങ്ങെന്ന് പിതാവ്, ലൗ ജിഹാദെന്ന് ബി.ജെ.പി

ഹൈദരാബാദ്: വാറങ്കലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മെഡിക്കൽ പി.ജി വിദ്യാർഥിനി ധാരാവതി പ്രീതി (26) മരിച്ചു. സീനിയർ വിദ്യാർഥിയുടെ റാഗിങ്ങാണ് മരണകാരണ​മെന്ന് കുടുംബം ആരോപിച്ചു.

വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പി.ജി വിദ്യാർഥിനിയുമായ പ്രീതി ബുധനാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെക്കുകയായിരുന്നു. നില ഗുരുതരമായതോടെയാണ് ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു.

കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ മട്ടേവാഡ പൊലീസ് അറസ്റ്റ് ചെയ്തു. എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. തന്റെ മകളെ സീനിയേഴ്സ് റാഗ് ചെയ്തതായി പ്രീതിയുടെ അച്ഛനും വാറങ്കൽ റെയിൽവേ പൊലീസ് ഫോഴ്‌സിലെ എസ്‌ഐയുമായ ധാരാവതി നരേന്ദർ പറഞ്ഞിരുന്നു. ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2022 ഡിസംബറിലാണ് പ്രീതി അനസ്‌തേഷ്യ പി.ജിക്ക് ചേർന്നത്. ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ സീനിയേഴ്സ് ഉപദ്രവിച്ചിരുന്നതായി പിതാവ് പറഞ്ഞു. ‘അധിക സമയം ജോലി ചെയ്യാൻ ഡോ. സെയ്ഫ് നിർബന്ധിക്കുന്നതായും ആശുപത്രിയിലെ ഡ്യൂട്ടി സമയത്ത് ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും മകൾ എന്നോട് പറഞ്ഞിരുന്നു. ബുധനാഴ്ച ഫോണിൽ ഇക്കാര്യം പറഞ്ഞ ഉടൻ ഞാൻ മട്ടേവാഡ പൊലീസുമായി ഫോണിൽ സംസാരിക്കുകയും വിഷയം അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തതാണ്. ഇതിനുപിന്നാലെയാണ് ആത്മഹത്യാശ്രമം പുറത്തുവന്നത്’ -ധാരാവതി നരേന്ദർ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ സെയ്ഫിനെ വാറംഗലിലെ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിന്നീട് ഖമ്മം ജയിലിലേക്ക് മാറ്റിയതായി വാറങ്കൽ പൊലീസ് കമ്മീഷണർ എ.വി. രംഗനാഥ് പറഞ്ഞു.

മരിച്ച ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുതൽ വിവിധ ആദിവാസി സംഘടനകൾ ആശുപത്രിയിൽ തടിച്ചുകൂടിയിരുന്നു. ഇത് നേരിയ സംഘർഷത്തിന് വഴിവെച്ചു. അതിനിടെ, പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ്‌ രംഗത്തെത്തി.

പ്രീതിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രീതിയുടെ മരണത്തിൽ ആരോഗ്യമന്ത്രി ടി. ഹരീഷ് റാവു അനുശോചിച്ചു. “പ്രീതി ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവൾ മടങ്ങിവരാത്ത ലോകത്തേക്ക് പോയി. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Telangana: Woman medico who attempted suicide after being harassed by senior, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.