പനാജി: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപവും പോലീസിന്റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലും നേരിട്ട 22 വയസ്സുകാരനായ കോളജ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവയിലെ മപുസയിലെ സ്വന്തം വീട്ടിലാണ് വ്യാഴാഴ്ച രാത്രി യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. കേസിൽ വിശദമായ അന്വേഷണത്തിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടിട്ടുണ്ട്.
മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ യുവാവ് പൊതുസ്ഥലത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നതിന്റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വിഡിയോ ദൃശ്യങ്ങൾ അതിവേഗം വൈറലാവുകയും ഇതിന് പിന്നാലെ യുവാവിനെതിരെ കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും ട്രോളുകളും ഉയരുകയും ചെയ്തു. തുടർന്നാണ് ഗോവ നോൺ-ബയോഡിഗ്രേഡബിൾ ഗാർബേജ് കൺട്രോൾ ആക്ട് പ്രകാരം പൊലീസ് യുവാവിനെതിരെ കേസെടുത്തത്.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒരു മാസത്തെ തടവോ അല്ലെങ്കിൽ ആയിരം രൂപ പിഴയോ മാത്രം ലഭിക്കാവുന്ന കുറ്റമായിരുന്നിട്ടും പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് കുടുംബം ആരോപിക്കുന്നു.
അരദിവസത്തോളം സ്റ്റേഷനിൽ കാത്തുനിർത്തിയതായും, അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനം വിട്ടുപോകരുതെന്ന് കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഗോവ എസ്.പി സലിം ഷെയ്ഖ് പ്രതികരിച്ചത്. സ്റ്റേഷനിൽ മറ്റ് നിരവധി കേസുകളുടെ തിരക്കുണ്ടായിരുന്നതിനാലാണ് നടപടികൾ പൂർത്തിയാക്കാൻ സമയമെടുത്തതെന്നും, യുവാവിനെ ചോദ്യം ചെയ്ത് നോട്ടീസ് നൽകിയ ശേഷം വീട്ടിലേക്ക് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നും എസ്.പി അവകാശപ്പെട്ടു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.