ചെന്നൈ: തമിഴ്‌നാട് ബി.ജെ.പിയിൽ മുതിർന്ന നേതാക്കളുടെ കൂട്ടരാജി തുടരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവർക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷും രാജിവെച്ചു. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു. ഏറെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നും കടുത്ത വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ബി.ജെ.പിയുടെ ആശയങ്ങളും തന്നെയെപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഭാവിയിലും ഈ മൂല്യങ്ങൾ തന്റെ വഴിവിളക്കായിരിക്കുമെന്നും സംസ്ഥാന അധ്യക്ഷന് അയച്ച കത്തിൽ സുമതി പറയുന്നുണ്ട്. എന്നാൽ തന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അവർ നിലവിൽ സൂചനയൊന്നും നൽകിയിട്ടില്ല.
വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിൽ നിന്നും കുടുംബവാഴ്ചയിൽ നിന്നും അകലം പാലിച്ചുകൊണ്ട് ഒരു പുതിയ 'സാധാരണക്കാരന്റെ രാഷ്ട്രീയം' കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം അണ്ണാമലൈ ബിജെപി വിട്ടത്. തമിഴ് രാഷ്ട്രീയത്തിൽ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ ഉണ്ടാക്കിയ തരംഗമാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് അണ്ണാമലൈയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. യുവാക്കളുടെ പിന്തുണയോടെ അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ സംഘടന പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുതിർന്ന നേതാക്കളുടെ ഈ കൂട്ടരാജി ബിജെപിയെ ബാധിക്കില്ലെന്നാണ് നിലവിലെ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.