ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം നാല് വനിതകൾ വിവിധ സംസ്ഥാനങ്ങളിലെ ഹൈകോടതികളിൽ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിക്കുന്നു. സിക്കിം ഹൈകോടതിയിൽ നിന്നുള്ള ജസ്റ്റിസ് മീനാക്ഷി മദൻ റായിയെ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതോടെയാണ് രാജ്യം അപൂർവ നേട്ടം കൈവരിച്ചത്.
ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് രേവതി മോഹിതേ ദേരെ, ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ലിസ ഗിൽ എന്നിവരാണ് നിലവിലെ മറ്റ് വനിതാ ചീഫ് ജസ്റ്റിസുമാർ.
അലഹബാദ് ഹൈകോടതിയിൽ നിന്നുള്ള ജസ്റ്റിസ് സുനിത അഗർവാൾ 2023 ജൂലൈ മുതൽ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചുവരുകയാണ്. ബോംബെ ഹൈകോടതിയിൽനിന്നുള്ള ജസ്റ്റിസ് രേവതി മോഹിതേ ദേരെ 2026 ജനുവരി 10നാണ് മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്. പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ നിന്നുള്ള ജസ്റ്റിസ് ലിസ ഗിൽ 2026 ഏപ്രിൽ 25നാണ് ആന്ധ്രപ്രദേശ് ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
മുൻകാലങ്ങളിൽ ഒരേസമയം പരമാവധി മൂന്ന് സ്ഥിരം വനിതാ ചീഫ് ജസ്റ്റിസുമാർ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. 2018ൽ ഒരേസമയം നാല് വനിതാ ജഡ്ജിമാർ ഹൈകോടതികളുടെ തലപ്പത്ത് വന്നിരുന്നെങ്കിലും അതിൽ ഒരാൾ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. നിലവിൽ രാജ്യത്തെ ഹൈകോടതി ജഡ്ജിമാരിൽ 14.85 ശതമാനമാണ് വനിതകളുടെ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.