രേവന്ത് റെഡ്ഡി, ഡോണൾഡ് ട്രംപ്

ഹൈദരാബാദിലെ റോഡിന് ട്രംപിന്‍റെ പേര് നൽകാൻ തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിലെ റോഡിന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പേര് നൽകാമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദേശം. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യാന്തര പരിപാടിയായ ‘തെലങ്കാന റൈസിങ് ഗ്ലോബൽ സമ്മിറ്റി’ന് മുന്നോടിയായി അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാനാണ് സർക്കാറിന്‍റെ നീക്കം. നഗരത്തിലെ യു.എസ്. കോൺസുലേറ്റ് ജനറൽ ഓഫിസിന് സമീപത്തുകൂടി കടന്നുപോകുന്ന റോഡ് ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് നാമകരണം ചെയ്യാനാണ് നിർദേശം. നടപ്പിലായാൽ, സിറ്റിങ് പ്രസിഡന്‍റിന് അമേരിക്കക്ക് പുറത്ത് അംഗീകാരം നൽകുന്ന ആദ്യ സംഭവമാകുമിത്.

ട്രംപിനു പുറമെ വിവിധയിടങ്ങൾക്ക് വൻകിട ടെക് സ്ഥാപനങ്ങളുടെ പേര് നൽകാനും പദ്ധതിയുണ്ട്. ഇന്ത്യയുടെ ടെക് ഹബ്ബായ ഹൈദരാബാദിൽ ‘ഗൂഗ്ൾ സ്ട്രീറ്റ്’, ‘മൈക്രോസോഫ്റ്റ് റോഡ്’, ‘വിപ്രോ ജംക്ഷൻ’ എന്നിവയാണ് പരിഗണനയിലുള്ള മറ്റ് ആഗോള പേരുകൾ. രവിര്യാലയിലെ നെഹ്‌റു ഔട്ടർ റിങ് റോഡിനെ നിർദ്ദിഷ്ട ഫ്യൂച്ചർ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് പത്മഭൂഷൺ രത്തൻ ടാറ്റയുടെ പേര് നൽകാനും തീരുമാനമായി. രവിര്യാല ഇന്റർചേഞ്ചിന് ഇതിനകം ‘ടാറ്റ ഇന്റർചേഞ്ച്’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബണ്ടി സഞ്ജയ് കുമാർ റെഡ്ഡി, മുഖ്യമന്ത്രിയുടെ നീക്കത്തെ വിമർശിച്ച് രംഗത്തുവന്നു. ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിന് പേരുകൾ മാറ്റാൻ ഇത്രയധികം താൽപര്യമുണ്ടെങ്കിൽ, ചരിത്രപരതയും അർഥവുമുള്ള പേരിടണം. രേവന്ത് റെഡ്ഡി ട്രെൻഡിൽ വരുന്നതെല്ലാം സ്ഥലനാമമാക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന ഏക പാർട്ടി ബി.ജെ.പിയാണെന്നും സഞ്ജയ് കുമാർ പറഞ്ഞു.

Tags:    
News Summary - Telangana To Name Hyderabad Road After Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.