ബംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമം ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഇൻഫോസിസിന് പിന്നാലെ ടാറ്റ കൺസൾട്ടൻസി സർവീസസ്, കോഗ്നിസെന്റ്, വിപ്രോ തുടങ്ങിയ വമ്പൻമാരും തങ്ങളുടെ കാന്റീൻ സേവനങ്ങൾ വെട്ടിക്കുറച്ചു. ഇനി മുതൽ ജീവനക്കാർ വീട്ടിൽ നിന്ന് ഭക്ഷണം കരുതണമെന്ന് കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്.
പുണെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഐ.ടി പാർക്കുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പുണെ യെരവാഡയിലെ കൊമേഴ്‌സ് സോൺ ക്യാമ്പസിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ പരിമിതമായ വിഭവങ്ങൾ മാത്രമാണ് കാന്റീനിൽ ലഭിക്കുന്നത്. ബംഗളൂരുവിലെ വൈറ്റ്‌ഫീൽഡ് കാമ്പസിലും സമാനമായ അവസ്ഥയാണ്.
കോഗ്നിസെന്റിന്റെ പുണെ ക്യാമ്പസിലെ ലൈവ് കൗണ്ടറുകൾ അടച്ചു. നിലവിൽ റൈസ് പ്ലേറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്. പ്രതിസന്ധി നീളുകയാണെങ്കിൽ നോൺ-ക്രിട്ടിക്കൽ റോളുകളിലുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകുന്നത് പരിഗണനയിലുണ്ട്. വിപ്രോയുടെ ഹിഞ്ചേവാഡി കാമ്പസിലെ ഫാസ്റ്റ് ഫുഡ്, ചൈനീസ് കൗണ്ടറുകൾ പ്രവർത്തനരഹിതമായി. പാചകവാതക ലഭ്യത കുറഞ്ഞതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു.
കമ്പനികൾ വർക്ക് ഫ്രം ഓഫീസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ബാച്ചിലർമാരും ഹോസ്റ്റൽ നിവാസികളും പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് ഹോസ്റ്റലുകളിലും പി.ജികളിലും താമസിക്കുന്നവർക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്. പല ഹോട്ടലുകളും മെനുകൾ വെട്ടിക്കുറക്കുകയോ താൽക്കാലികമായി അടക്കുകയോ ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ 'വർക്ക് ഫ്രം ഹോംടൗൺ' വേണമെന്ന ആവശ്യം ഐ.ടി ജീവനക്കാരുടെ സംഘടനയായ 'ഫോറം ഫോർ ഐ.ടി എംപ്ലോയീസ്' ആവശ്യപ്പെട്ടിട്ടുണ്ട്. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ജീവനക്കാർക്ക് സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. പുണെയിൽ മാത്രം ലക്ഷക്കണക്കിന് ബാച്ചിലർമാരായ ജീവനക്കാർ കമ്പനി കാന്റീനുകളെയും പുറത്തെ ഭക്ഷണശാലകളെയും ആശ്രയിച്ചാണ് കഴിയുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ വർക്ക് ഫ്രം ഹോം അല്ലെങ്കിൽ ഹൈബ്രിഡ് മോഡലിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.