ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി ജന്തർമന്തറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 29ാം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 21ഓളം പേർ ഇപ്പോഴും സമരപ്പന്തലിൽ നിരാഹാരം തുടരുന്നു. സോനം വാങ്‌ചുക്കിന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വാങ്‌ചുക്കിനെ നീക്കിയത് തങ്ങളുടെ പോരാട്ടവീര്യം കൂട്ടിയതേയുള്ളൂവെന്ന് സമരക്കാർ വ്യക്തമാക്കി.
'വാങ്‌ചുക് ഒറ്റയ്ക്കല്ല' എന്ന മുദ്രാവാക്യമുയർത്തി ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുപ്പക്കാരാണ് സമരമുഖത്തുള്ളത്. ജെ.എൻ.യു, അംബേദ്കർ സർവകലാശാല, അലഹബാദ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള പി.എച്ച്.ഡി ഗവേഷകരായ നേഹ, അമീൻ അമിതോജ്, മനീഷ് കുമാർ എന്നിവരടക്കം 21 ഓളം പേർ പൂർണമായും നിരാഹാരമിരിക്കുന്നുണ്ട്.
അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിഹാറിൽ നിന്നുള്ള നിതീഷ് (30), രാജസ്ഥാനിൽനിന്നുള്ള അംജദ് ഖാൻ (25), ഉത്തർപ്രദേശിൽനിന്നുള്ള സാമൂഹിക പ്രവർത്തകൻ ആദിത്യ എന്നിവർ ശനിയാഴ്ച ജലപാനം പോലുമില്ലാതെ സമരം കടുപ്പിച്ചു. 'കഫൻ' (ശവക്കച്ച) എന്നെഴുതിയ വെള്ളപ്പട്ട ധരിച്ചാണ് ഇവർ പ്രതിഷേധിക്കുന്നത്. പൂനെയിൽനിന്നുള്ള സിവിൽ സർവിസ് ഉദ്യോഗാർഥി പ്രഥമേഷ് ബോത്വെ (25), ശ്രുതി അറോറ (22) എന്നിവരുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഉത്തർപ്രദേശിലെ ബറൗട്ടിൽനിന്നുള്ള 19കാരനായ നീറ്റ് ഉദ്യോഗാർഥി മായങ്കും ഇവർക്കൊപ്പം സമരത്തിലുണ്ട്. ഹരിയാനയിൽനിന്നുള്ള രംഗ്‌ലാൽ തൻവർ, ബുലന്ദ്ഷഹറിൽ നിന്നുള്ള സൂര്യപ്രകാശ് സിങ് എന്നിവരും പന്തലിലുണ്ട്. സമരം അവസാനിപ്പിക്കാൻ വീട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും മാറ്റം വരും വരെ പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ ചെറുപ്പക്കാർ.
തുടർച്ചയായ നിരാഹാരം മൂലം സമരക്കാരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് സന്നദ്ധസേവനം നടത്തുന്ന ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. 21 ദിവസമായി പട്ടിണിയിലാണെന്നും ശരീരഭാരം പത്ത് ശതമാനത്തോളം കുറഞ്ഞിട്ടുണെന്നും ഇവരെ പരിശോധിച്ച ഡോ. തിലോപ വ്യക്തമാക്കി. മനീഷ്, അമീൻ എന്നിവരുടെ പല്ലുകളിൽനിന്ന് രക്തസ്രാവമുണ്ട്. ഇത് വിറ്റാമിൻ സി കുറവോ കരൾ സംബന്ധമായ പ്രശ്നങ്ങളോ ആകാം. നേഹയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴേക്ക് പോയിരിക്കുകയാണ്. സമരം നീണ്ടുപോയാൽ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. പെട്ടെന്ന് ആഹാരം കഴിക്കുമ്പോൾ ഉണ്ടാകാനിടയുള്ള 'റീഫീഡിങ് സിൻഡ്രോം' തടയാനുള്ള മെഡിക്കൽ പ്ലാനുകൾ തയാറാക്കുന്നുണ്ടെന്നും എന്നാൽ അവർ സ്വമേധയാ സമരം അവസാനിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.