പ്രതീകാത്മക ചിത്രം

ടാറ്റൂ ചെയ്തു, പിന്നാലെ യുവതിക്ക് എച്ച്.ഐ.വി; ഇത് ആർക്കും സംഭവിക്കാം

കാൺപൂർ: ഡൽഹിയിലെ ടാറ്റൂ പാർലറിൽനിന്ന് പച്ചകുത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് കാൺപൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. പച്ചകുത്താൻ ഉപയോഗിച്ച സൂചിയിൽനിന്നോ ഉപകരണങ്ങളിൽനിന്നോ ആകാം രോഗബാധയെന്നാണ് കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ, രോഗബാധയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഗുരുതരമായ ജനനേന്ദ്രിയ അണുബാധയെത്തുടർന്നാണ് യുവതി മെഡിക്കൽ കോളജിലെ ഡെർമറ്റോളജി (ചർമ്മരോഗ) വിഭാഗത്തിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്ത് ഡോക്ടർമാർ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി പരിശോധനകൾക്ക് നിർദ്ദേശിക്കുകയായിരുന്നു. പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് യുവതിക്ക് എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. യുവതിയെ നിലവിൽ സർക്കാർ ആശുപത്രിയിൽ സൗജന്യ ആന്റി-റെട്രോവൈറൽ തെറാപ്പിക്ക് വിധേയയാക്കിയിരിക്കുകയാണ്.

രണ്ടാഴ്ച മുമ്പാണ് യുവതി ഡൽഹിയിലെ ഒരു പാർലറിൽ പോയി ടാറ്റൂ ചെയ്തതെന്ന് ഡെർമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ശ്വേതാങ്ക് പറഞ്ഞു. അണുവിമുക്തമാക്കാത്തതോ മറ്റൊരാൾക്ക് ഉപയോഗിച്ചതോ ആയ സൂചികൾ ടാറ്റൂ ചെയ്യാൻ ഉപയോഗിച്ചതാകാം അണുബാധക്ക് കാരണമെന്നാണ് നിഗമനം. എച്ച്.ഐ.വി പൂർണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാനാകുമെന്നും രോഗി ആജീവനാന്തം മരുന്നുകൾ തുടരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുചിത്വമില്ലാത്ത സ്ഥാപനങ്ങളിൽനിന്ന് ടാറ്റൂ ചെയ്യുന്നത് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ രക്തത്തിലൂടെ പകരുന്ന മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷികൾ ചർമത്തിൽ പ്രതികരണങ്ങൾക്കും ഗ്രാനുലോമാറ്റസ് പോലുള്ള ഗുരുതരമായ ചർമരോഗങ്ങൾക്കും കാരണമായേക്കാം. പ്രത്യേകിച്ച് ചുവപ്പ്, പച്ച നിറങ്ങളിലുള്ള മഷികളാണ് ഇത്തരം അലർജികൾക്കും ചൊറിഞ്ഞുതടിച്ചുള്ള ചുവന്ന പാടുകൾക്കും കൂടുതൽ കാരണമാകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - 32-year-old woman contracts HIV after tattoo in Delhi parlour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.