ബംഗളൂരു നഗരത്തിൽ തെരുവ് കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ തെരുവ് കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒഴിപ്പിക്കൽ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും 2014-ലെ തെരുവ് കച്ചവടക്കാരുടെ സംരക്ഷണ നിയമം കൃത്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ഞൂറിലധികം വരുന്ന കലാകാരന്മാരും സാംസ്കാരിക നായകരും സാമൂഹിക പ്രവർത്തകരും ഒപ്പിട്ട തുറന്ന കത്ത് സർക്കാരിന് സമർപ്പിച്ചു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി കൃഷ്ണ ബൈര ഗൗഡ, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ചീഫ് കമ്മീഷണർ മഹേശ്വർ റാവു എന്നിവർക്കാണ് പ്രമുഖർ കത്തയച്ചത്. നഗരത്തെ കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമാക്കുക എന്ന വ്യാജേന തെരുവ് കച്ചവടക്കാരെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്ന് കത്തിൽ ഒപ്പിട്ടവർ ചോദിക്കുന്നു. "സുരക്ഷിതമായ ഫുട്പാത്തുകൾ, നടക്കാവുന്ന നഗരങ്ങൾ എന്നിവയുടെ പേരിൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പതിനായിരക്കണക്കിന് തെരുവ് കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗമാണ് സർക്കാർ തട്ടിയെടുത്തത്," കത്തിൽ കുറ്റപ്പെടുത്തുന്നു. ഫുട്പാത്തുകളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാതെ, കച്ചവടക്കാരെ മാത്രം ഒഴിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രതിഷേധം.
കൃത്യമായ സർവേ പൂർത്തിയാക്കാതെയും കച്ചവട സർട്ടിഫിക്കറ്റുകൾ നൽകാതെയും ആരെയും ഒഴിപ്പിക്കാൻ പാടില്ലെന്ന നിയമം അധികൃതർ ലംഘിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയില്ലാതെ ഒരു പ്രദേശത്തെയും 'നോ-വെൻഡിംഗ് സോൺ' ആയി പ്രഖ്യാപിക്കാൻ കഴിയില്ല. കൂടാതെ, 30 ദിവസത്തെ മുൻകൂർ രേഖാമൂലമുള്ള നോട്ടീസ് നൽകാതെ കച്ചവടക്കാരെ മാറ്റരുതെന്ന നിയമവും കാറ്റിൽപ്പറത്തി. പി.എം സ്വനിധി പദ്ധതി പ്രകാരം ബംഗളൂരുവിൽ ഒന്നര ലക്ഷത്തോളം തെരുവ് കച്ചവടക്കാരുണ്ടെന്നും അതിൽ എൺപതിനായിരത്തോളം പേർ വായ്പ നേടിയിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ നഗരത്തിൽ 27,000 കച്ചവടക്കാർ മാത്രമേയുള്ളൂ എന്ന അധികൃതരുടെ പുതിയ അവകാശവാദം ദശലക്ഷക്കണക്കിന് പാവപ്പെട്ടവരെ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്താക്കാനാണെന്ന് കത്തിൽ ആരോപിക്കുന്നു.
തങ്ങൾ കാൽനടയാത്രക്കാർക്ക് അനുകൂലമാണെന്നും എന്നാൽ അതിനായി കച്ചവടക്കാരെ ആട്ടിയോടിക്കേണ്ടതില്ലെന്നും ഒപ്പിട്ടവർ വ്യക്തമാക്കുന്നു. ഇരുവിഭാഗത്തെയും ഉൾക്കൊള്ളുന്നതാകണം നല്ലൊരു നഗരം. ഇരുട്ടിക്കഴിഞ്ഞും സജീവമായ പൊതുഇടങ്ങൾ ഉറപ്പാക്കുന്നതിലൂടെ തെരുവ് കച്ചവടം സ്ത്രീകളുടെ സുരക്ഷിതത്വത്തിന് സഹായിക്കുമെന്ന ജസ്റ്റിസ് വർമ്മ കമ്മിറ്റി റിപ്പോർട്ടും കത്തിൽ ഉദ്ധരിക്കുന്നുണ്ട്.
ചലച്ചിത്ര പ്രവർത്തക കവിത ലങ്കേഷ്, നടൻ പ്രകാശ് രാജ്, എഴുത്തുകാരിയും പ്രവർത്തകയുമായ വിജയമ്മ, ഭൗതികശാസ്ത്രജ്ഞ പ്രജ്വൽ ശാസ്ത്രി, ആർക്കിടെക്റ്റ് പ്രേം ചന്ദാവർക്കർ, എഴുത്തുകാരൻ റഹമത്ത് താരികെരെ, തിയേറ്റർ ആർട്ടിസ്റ്റ് ലക്ഷ്മൺ കെ.പി, മുതിർന്ന അഭിഭാഷകൻ ബി.ടി വെങ്കിടേഷ്, യുഎൻ പ്രത്യേക പ്രതിനിധി അശ്വിനി കെ.പി തുടങ്ങിയ പ്രമുഖരും എ.ഐ.എസ്.എ , എൻ.എ.പി.എം തുടങ്ങിയ നിരവധി സംഘടനകളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.