കർണാടകയിൽ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ തേജസ്വി സൂര്യ ഇല്ല; പരിഹാസവുമായി കോൺഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിക്കാതെ സൗത് ബംഗളൂരു എം.പി തേജസ്വി സൂര്യ. യുവ മോര്‍ച്ച അധ്യക്ഷനും പാര്‍ട്ടി ഹിന്ദുത്വ അജണ്ടയുടെ പ്രധാന വക്താവുമായ തേജസ്വിയെ പട്ടികയില്‍നിന്നു ഒഴിവാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി.

പിന്നാലെ തേജസ്വിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ബുധനാഴ്ച പുറത്ത് വിട്ട ബി.ജെ.പി താരപ്രചാരകരുടെ പട്ടികയില്‍ 40 പേരുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി, ഹിമന്ത ബിശ്വ ശർമ, സ്മൃതി ഇറാനി, നിർമല സീതാരാമൻ ഉള്‍പ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്.

ത്രിപുര തെരഞ്ഞെടുപ്പിൽ 32കാരനായ തേജസ്വി പാർട്ടിയുടെ സ്റ്റാർ കാമ്പയിനറായിരുന്നു. നന്ദിനി സ്റ്റോർ സന്ദർശിച്ചതിന് രാഹുൽ ഗാന്ധിയെയും സുഡാനിലെ കന്നടികരുടെ സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും അടുത്തിടെ തേജസ്വി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വന്തം സംസ്ഥാനത്ത് പോലും ആരും തേജസ്വിയെ ശ്രദ്ധിക്കുന്നില്ലെന്നും അഹങ്കാരം ഉപേക്ഷിക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് പരിഹസിച്ചു.

ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അടക്കം തേജസ്വി അടുത്തകാലത്ത് പരിഹാസങ്ങള്‍ക്ക് വിധേയമായിരുന്നു. എം.പിയും കടുത്ത ഹിന്ദുത്വവാദിയുമായ പ്രതാപ് സിംഹയും താരപ്രചാരകരുടെ പട്ടികയില്‍ ഇല്ല. മൈസൂരു-കുടക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിംഹ ബി.ജെ.പിയുടെ ദേശീയ വക്താവ് കൂടിയാണ്. കോൺഗ്രസിന്‍റെ താരപ്രചാരക പട്ടികയിൽനിന്ന് സചിൻ പൈലറ്റിനെ ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Tejasvi Surya not BJP's star campaigner in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.