മാനനഷ്ട കേസിൽ തെഹൽക്ക ടീമിന് രണ്ടുകോടി പിഴ ചുമത്തി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മാനനഷ്ട കേസിൽ തെഹൽക്ക ഡോട്ട് കോമിനും മുൻ എഡിറ്റർ ഇൻ-ചീഫ് തരുൺ തേജ്പാൽ ഉൾപ്പെടെയുള്ളവർക്കും രണ്ടുകോടി പിഴ ചുമത്തി ഡൽഹി ഹൈകോടതി. വാജ്പേയി സർക്കാറിന്‍റെ കാലത്ത് ഒളികാമറയിലൂടെ പ്രതിരോധ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്ന സംഭവത്തിൽ മേജർ ജനറൽ എം.എസ്. അഹ്ലുവാലിയ നൽകിയ പരാതിയിലാണ് 22 വർഷത്തിനുശേഷം കോടതിയുടെ വിധി.

തെഹൽക്ക ഡോട്ട് കോം, ഉടമകളായ ബഫല്ലോ കമ്യൂണിക്കേഷൻസ്, തരുൺ തേജ്പാൽ, റിപ്പോർട്ടർമാരായ അനിരുദ്ധ ബഹൽ, മലയാളിയായ മാത്യു സാമുവൽ എന്നിവർ ചേർന്ന് പിഴ അടക്കണമെന്നാണ് ഉത്തരവ്. കോടതി ചെലവും നൽകണം. അഹ്ലുവാലിയ സൈനിക സാമഗ്രി ഇറക്കുമതി ഇടപാടുകളിലെ ഇടനിലക്കാരനാണെന്നും 50,000 രൂപ കോഴ വാങ്ങിയെന്നും ‘ഓപറേഷൻ വെസ്റ്റ് എൻഡ്’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ തെഹൽക്ക ആരോപിച്ചിരുന്നു. ഇത് തെളിയിക്കാൻ തെഹൽക്കക്ക് സാധിച്ചില്ല.

അതേസമയം, സേനയിലെ കോർട്ട് ഓഫ് എൻക്വയറി നടപടികൾക്ക് വിധേയനാകേണ്ടിവരുകയും പൊതുസമൂഹത്തിനു മുന്നിൽ അഴിമതിക്കാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്തത് മുൻനിർത്തിയാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ ഉത്തരവ്. ലണ്ടനിലെ ഒരു കമ്പനിയുടെ സൈനിക സാമഗ്രികൾ ഇറക്കുമതി ചെയ്യാനുള്ള കരാർ നേടാൻ സഹായിക്കണമെന്ന ആവശ്യവുമായാണ് തെഹൽക്ക ടീം അഹ്ലുവാലിയയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചയുടെ ഉള്ളടക്കവും വിഡിയോയും തെഹൽക്ക പുറത്തുവിട്ടു. റിപ്പോർട്ടർമാരിൽ ഒരാൾ 50,000 രൂപ അഹ്ലുവാലിയക്ക് നൽകിയതായും അതിൽ ഉണ്ടായിരുന്നു.

പ്രതിരോധ ഇടപാടുകളിലെ ക്രമക്കേട് പുറത്തു കൊണ്ടുവരുകയെന്ന പൊതുതാൽപര്യം മുൻനിർത്തിയാണ് ഒളികാമറ പ്രവർത്തനം നടത്തിയതെന്ന് തെഹൽക്ക വാദിച്ചു. എന്നാൽ, അതിന്‍റെ പേരിൽ തെറ്റായ പ്രസ്താവന നടത്തി ജനങ്ങൾക്കിടയിൽ വൈകാരികത സൃഷ്ടിക്കാൻ തെഹൽക്കക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Tehelka Asked To Pay ₹ 2 Crore To Army Officer In Defamation Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.