ഭോപ്പാൽ: ഉറുദു കവിത ചൊല്ലുന്ന വീഡിയോ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്തതിന് ബേതുലിൽ നിന്നുള്ള സർക്കാർ സ്‌കൂൾ അധ്യാപകനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. കവിത സാമുദായിക സ്പർദ്ധ വളർത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ കവിതയിൽ വെറുപ്പോ വർഗീയ വിദ്വേഷമോ പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യം ഇല്ലെന്നും സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യവും ചിന്തോദ്ദീപകമായ വ്യാഖ്യാനമാണെന്നും കോടതി നിരീക്ഷിച്ചു.
മുൻവിധികളുടെയോ അനുമാനപരമായ ആശങ്കകളുടെയോ അടിസ്ഥാനത്തിൽ മാത്രം കുറ്റം ചുമത്താൻ കഴിയില്ലെന്നും മറിച്ച് പ്രകോപനത്തിന്റെയോ സമാധാനം തകർക്കാനുള്ള ശ്രമത്തിന്റെയോ വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും ജസ്റ്റിസ് ബി.പി. ശർമ നിർദേശിച്ചു.
സർക്കാർ സ്‌കൂൾ അധ്യാപകനായ ഫൈസാൻ അൻസാരിക്കെതിരെയാണ് ബേതുൽ ജില്ലയിലെ ചിച്ചോളി പൊലീസ് കേസെടുത്തിരുന്നത്. കവി ഷുബൈബ് കൈനി രചിച്ച 'ബേ-ഹയ' എന്ന കവിത ആലപിക്കുന്ന വീഡിയോ തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ അപ്‌ലോഡ് ചെയ്തതിനായിരുന്നു കേസ്.
കൂടുതൽ വ്യാഖ്യാനങ്ങളോ പ്രകോപനപരമായ ഉദ്ദേശ്യങ്ങളോ ഇല്ലാതെ ഒരു കവിതാ പാരായണം പങ്കുവെച്ച ഹർജിക്കാരന്റെ പ്രവൃത്തി ശത്രുതയോ സാമുദായിക വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്നതായി കണക്കാക്കാനാവില്ല. ഷുബൈബ് കൈനി എഴുതിയ ഉറുദു കവിത വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഹർജിക്കാരൻ അപ്‌ലോഡ് ചെയ്തത് പാകിസ്താനിലോ മറ്റേതെങ്കിലും രാജ്യത്തിലോ ഉള്ള മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും എതിരായ കടന്നുകയറ്റത്തിനെതിരായ ആക്ഷേപഹാസ്യമായാണെന്നും കോടതി നിരീക്ഷിച്ചു.
ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ കവിത പങ്കിട്ടതായും വിവിധ ദേശീയ, അന്തർദേശീയ പരിപാടികളിൽ സാഹിത്യകാരന്മാർ കവിതയെ പ്രശംസിച്ചതായും കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷം പ്രോത്സാഹിപ്പിക്കാനോ അക്രമത്തിന് പ്രേരിപ്പിക്കാനോ ഹർജിക്കാരൻ ഉദ്ദേശിച്ചെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
2025 ജൂലൈ 22നാണ് അധ്യാപകൻ വീഡിയോ ഷെയർ ചെയ്തിരുന്നത്. ആ ദിവസം തന്നെ പൊലീസ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ സാമുദായിക ഐക്യത്തെ തകർക്കുമെന്ന് ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.