ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. ഞായറാഴ്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർകക്ഷിയോഗത്തിലാണ് തീരുമാനം. വോട്ടർപട്ടിക പരിഷ്കരണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് (ഇ.സി.ഐ) അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. ‘ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഒക്ടോബർ 27ലെ വിജ്ഞാപനം പ്രകാരം തമിഴ്‌നാട്ടിൽ എസ്.ഐ.ആറുമായി മുന്നോട്ട് പോകാനുള്ള ഇ.സി.ഐയുടെ തീരുമാനം അടിമുടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് മേലുള്ള ആക്രമണവുമാണ്,’ പ്രമേയം പറഞ്ഞു.
എസ്.ഐ.ആർ അസ്വീകാര്യമാണെന്ന് പറഞ്ഞ സർവ്വകക്ഷി യോഗം, ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ നടപടിക്രമം ഉടൻ പിൻവലിക്കണമെന്നും ഇ.സി.ഐയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾ അംഗീകരിക്കാൻ ഇ.സി.ഐ വിസമ്മതിച്ചതിനാൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും പ്രമേയം പറയുന്നു. തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കുന്നതിനായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കാനും സർവകക്ഷി യോഗം തീരുമാനിച്ചു.
‘ഇ.സി.ഐ വിജ്ഞാപനത്തിലെ പോരായ്മകൾ പരിഹരിക്കണം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കണം, പ്രക്രിയക്ക് മതിയായ സമയം അനുവദിക്കണം, 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പൂർണ്ണമായും നിഷ്പക്ഷവും സ്വതന്ത്രവുമായ രീതിയിൽ എസ്.ഐ.ആർ നടത്തണം,’ പ്രമേയം പറഞ്ഞു.
സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്ന് ഡി.എം.കെ വ്യക്തമാക്കി. ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പട്ടാളി മക്കൾ പാർട്ടി, തമിഴ് മാനില കോൺഗ്രസ്, എ.എം.എം.കെ, നാം തമിഴർ പാർട്ടി, പുതിയ തമിഴകം, ഇന്ത്യ ജനനായ പാർട്ടി, പെരുന്തലൈവർ മക്കൾ പാർട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.