മതിയഴകൻ

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; പിടിയിലായത് ഒളിവിൽ പോയ ടി.വി.കെ നേതാവ് മതിയഴകൻ

ചെന്നൈ: കരൂരിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ടി.വി.കെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. പരിപാടിക്ക് അനുമതി തേടി ​പൊലീസിൽ അപേക്ഷ നൽകിയത് ഇയാ​ളാ​ണെന്ന് അധികൃതർ വ്യക്തമാക്കി.  

ദിണ്ഡിക്കലിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു മതിയഴകന്റെ അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതി​രെ കേസെടുത്തിരിക്കുന്നത്. ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദിനെയും അന്വേഷണ സംഘം ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കും.

അതേസമയം, സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആഫിൽ നടൻ വിജയ് ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്.ഐ.ആറിലുണ്ട്.

‘വിജയ് നാല് മണിക്കൂര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇതാണ് ആളുകള്‍ തടിച്ചു കൂടാന്‍ കാരണമായത്. മണിക്കൂറുകള്‍ കാത്തിരുന്ന ആളുകള്‍ തളര്‍ന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഘാടകര്‍ ഒന്നും ചെയ്തില്ല,’- എഫ്‌.ഐ.ആറില്‍ പറയുന്നു. പരിപാടിക്കിടെ ബോധരഹിതരായി 11 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും പരാമർശമുണ്ട്.

അതേസമയം, ടി.വി.കെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബി.ജെ.പി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി വിജയ്‍യെ ഫോണിൽ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. ടി.വി.കെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. പണയൂരിലെ വീട്ടിൽ നിന്ന് ടി.വി.കെയുടെ രണ്ടാമത്തെ ഓഫീസ് പ്രവർത്തിക്കുന്ന പട്ടണംപക്കത്തെ വീട്ടിലേക്ക് നടൻ ചൊവ്വാഴ്ച രാവിലെ താമസം മാറിയിരുന്നു. 

Tags:    
News Summary - Tamilnadu police records first arrest after karur tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.