ആദവ് അർജുന

തമിഴ്‌നാട്ടിൽ ദേശീയപതാകക്ക് തുല്യമായ പ്രത്യേക പതാക വേണമെന്ന് ടിവികെ മന്ത്രി; വിമർശനവുമായി ബി.ജെ.പി

ചെന്നൈ: തമിഴ്നാടിന് ദേശീയ പതാകക്ക് തുല്യമായ പ്രത്യേക സംസ്ഥാന പതാക വേണമെന്ന ആവശ്യവുമായി തമിഴ്നാട് പൊതുമരാമത്ത്-കായിക മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുന രംഗത്ത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആയിരിക്കണം ആദ്യമായി ഈ പതാക ഉയർത്തേണ്ടതെന്നും, സംസ്ഥാനത്തെ എല്ലാ വീടുകളിലും ഈ പതാക പറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘നമുക്ക് സ്വന്തമായി ഒരു പതാക സൃഷ്ടിക്കണം. പല സംസ്ഥാനങ്ങൾക്കും സ്വന്തം പതാകയുണ്ട്. ദേശീയ പതാകക്ക് തുല്യമായ ഒരു പതാക സൃഷ്ടിക്കേണ്ട സ്ഥലത്താണ് നമ്മൾ’ എന്നാണ് മന്ത്രി പറഞ്ഞത്.

1967ൽ മദ്രാസ് സ്റ്റേറ്റിനെ തമിഴ്നാട് എന്ന് പുനർനാമകരണം ചെയ്യാൻ നിയമസഭ പ്രമേയം പാസാക്കിയതിന്റെ ഓർമക്കായി തമിഴ്നാട് ദിനമായി ആചരിക്കുന്ന ജൂലൈ 18നും, 1956ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികൾ പുനഃസംഘടിപ്പിച്ചതിന്റെ ഓർമക്കായി ആചരിക്കുന്ന നവംബർ 1നും മുഖ്യമന്ത്രി ഈ പതാക ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്പത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി മുന്നോട്ട് വെച്ച നിർദേശമാണ് മന്ത്രി ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്. 1970ൽ കരുണാനിധി സർക്കാർ പ്രത്യേക സംസ്ഥാന പതാകക്കായി കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. ചാരനിറത്തിലുള്ള പശ്ചാത്തലവും, മുകളിൽ ഇടത് മൂലയിൽ ഇന്ത്യൻ ത്രിവർണ പതാകയും, പ്രധാന ഭാഗത്ത് സംസ്ഥാനത്തിന്റെ ഗോപുര ചിഹ്നവുമുള്ള ഒരു ഡിസൈനാണ് അന്ന് തയാറാക്കിയത്.

കരുണാനിധി അന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഈ പതാക പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പതാക ഇന്ത്യയുടെ ഐക്യത്തെ തകർക്കുകയോ ദേശീയ പതാകയോടുള്ള ബഹുമാനം കുറക്കുകയോ ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മറ്റ് മുഖ്യമന്ത്രിമാരുമായി കൂടിയാലോചിക്കാമെന്ന് പറഞ്ഞെങ്കിലും, അന്നത്തെ മൈസൂർ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ നിർദേശം കടലാസിൽ ഒതുങ്ങി.

2018ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയത് ഭരണഘടനയിൽ പ്രത്യേക സംസ്ഥാന പതാകയെക്കുറിച്ച് പരാമർശമില്ലെന്നാണ്. മറ്റൊരു പതാക ദേശീയ പതാകക്ക് മുകളിൽ സ്ഥാപിക്കാനോ ഒരേ കൊടിമരത്തിൽ ഒരേസമയം പറത്താനോ പാടില്ലെന്നാണ് പതാക പ്രദർശന മാർഗ്ഗനിർദേശങ്ങൾ പറയുന്നത്. മന്ത്രിയുടെ ആവശ്യത്തിനെതിരെ ബിജെപി നേതാവ് വിനോജ് പി സെൽവം രൂക്ഷമായി രംഗത്തെത്തി. ഇത്തരം ആവശ്യങ്ങൾ വിഘടനവാദ മനോഭാവം വളർത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

നമ്മുടെ ഭാഷ നിങ്ങളുടെ പതാകക്കായി കാത്തിരുന്നില്ല. നമ്മുടെ നാഗരികതക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യൻ ത്രിവർണ പതാകക്ക് കീഴിൽ നമ്മുടെ തമിഴ് സ്വത്വം ചെറുതാകുന്നില്ല എന്ന് വിനോജ് എക്സിൽ കുറിച്ചു. തമിഴ്, ഇന്ത്യൻ സ്വത്വങ്ങളെ മത്സരിക്കുന്ന വിധേയത്വങ്ങളായി കാണാൻ ആളുകളെ പഠിപ്പിക്കുന്നതാണ് ഈ വാചാടോപമെന്നും, രണ്ടിലും അഭിമാനിക്കേണ്ടിടത്ത് എന്തിനാണ് ഭിന്നത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്ഷേത്രങ്ങളിൽ തമിഴ് വേണമെന്ന മന്ത്രിയുടെ നിർബന്ധം പള്ളികളിലും മോസ്കുകളിലും ബാധകമാക്കുമോ എന്നും ബിജെപി നേതാവ് ചോദിച്ചു. ആദവ് അർജുന തമിഴ് മീഡിയം വിദ്യാർഥികൾ, യുവാക്കളുടെ തൊഴിൽ, തമിഴ് ഗവേഷണം, സംരംഭകർക്കുള്ള അവസരങ്ങൾ എന്നിവക്കുള്ള പദ്ധതികൾ ലക്ഷ്യങ്ങളും സമയപരിധിയും സഹിതം വ്യക്തമാക്കണമെന്നും വിനോജ് ആവശ്യപ്പെട്ടു.

അതേസമയം, മന്ത്രിയുടെ പ്രസ്താവന വന്ന അതേ ദിവസം തന്നെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കന്നഡ പതാകക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന ആവശ്യം പുതുക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ബെലഗാവി നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു. സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാക പ്രദർശിപ്പിക്കുന്നതിന് നിയമപരമായ ചട്ടക്കൂട് കൊണ്ടുവരാനാണ് കർണാടകയുടെ നീക്കം.

Tags:    
News Summary - Tamil Nadu Minister Seeks Flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.