പ്രതീകാത്മക ചിത്രം
വിദ്യാർഥികളിലെ മാനസിക സമ്മർദം തടയാൻ സ്കൂളുകളിൽ കൗൺസിലിങ് നിർബന്ധമാക്കി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ്: വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ സംസ്ഥാനത്തെ സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഗുജറാത്ത് സർക്കാർ. പരീക്ഷാ സമ്മർദം, മാർക്കിനായുള്ള മത്സരം, സോഷ്യൽ മീഡിയ ഉപയോഗം, കുടുംബത്തിന്റെ പ്രതീക്ഷകൾ എന്നിവ മൂലമുള്ള മാനസിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ റെഗുലേഷൻസ് 1974 പ്രകാരമാണ് പുതിയ ചട്ടങ്ങൾ. ജിഎസ്എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 9 മുതൽ 12 വരെ ക്ലാസുകളുള്ള സ്കൂളുകൾക്കാണ് ചട്ടം ബാധകം. സുപ്രീംകോടതിയുടെ മാനസികാരോഗ്യ മാർഗനിർദേശങ്ങളും, എൻസിഇആർടി തയാറാക്കിയ ഉമ്മീദ് (UMMEED - Understand, Motivate, Manage, Empathise, Empower and Develop) മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടങ്ങൾ തയാറാക്കിയിരിക്കുന്നത്.
ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ ഓരോ സ്കൂളിലും വെൽനെസ് ടീം രൂപീകരിക്കണം. പ്രിൻസിപ്പൽ ആയിരിക്കും ടീമിന്റെ അധ്യക്ഷൻ. കൗൺസിലർ അല്ലെങ്കിൽ ചുമതലപ്പെടുത്തിയ അധ്യാപകൻ കോ-ഓർഡിനേറ്ററാകും. സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് ഓരോ അധ്യാപകൻ വീതം, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി, ഒരു അനധ്യാപക ജീവനക്കാരൻ, രണ്ട് വിദ്യാർഥി പ്രതിനിധികൾ (മനോ-മിത്ര) എന്നിവർ ടീമിൽ ഉണ്ടാകും.
100ലോ അതിലധികമോ വിദ്യാർഥികളുള്ള സ്കൂളുകളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തിൽ പരിശീലനം ലഭിച്ച ഒരു കൗൺസിലർ, സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സോഷ്യൽ വർക്കറെ നിർബന്ധമായും നിയമിക്കണം. 100ൽ താഴെ വിദ്യാർഥികളുള്ള സ്കൂളുകൾക്ക് പുറത്തുള്ള മാനസികാരോഗ്യ വിദഗ്ധർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ മാനസികാരോഗ്യ പരിപാടി, ടെലി-മനസ് സേവനങ്ങൾ എന്നിവയുമായി ധാരണയുണ്ടാക്കണം.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ സഹപാഠികൾക്ക് പ്രാഥമിക വൈകാരിക പിന്തുണ നൽകുകയും ആവശ്യമായ സഹായം ലഭിക്കുന്നതിന് അവരെ ഗൈഡ് ചെയ്യുകയും ചെയ്യുന്ന മനോ-മിത്ര പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പരീക്ഷാ ഫലത്തിന്റെ അല്ലെങ്കിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുക, പരസ്യമായി അപമാനിക്കുക, മറ്റ് വിദ്യാർഥികളുമായി താരതമ്യം ചെയ്ത് മാനസിക വിഷമം ഉണ്ടാക്കുക എന്നിവ സ്കൂളുകൾക്ക് പാടില്ല. പകരം സമത്വം, അന്തസ്സ്, പ്രോത്സാഹനം, സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്തരീക്ഷം പ്രോത്സാഹിപ്പിക്കണം.
ബോർഡ് പരീക്ഷകൾ, റിസൾട്ട് പ്രഖ്യാപനം, 8ൽ നിന്ന് 9ലേക്കും 10ൽ നിന്ന് 11ലേക്കുമുള്ള മാറ്റം എന്നീ നിർണായക സമയങ്ങളിൽ അധിക മെന്ററിങ് നൽകണം. യോഗ, ധ്യാനം, കല, സംഗീതം, പൂന്തോട്ടം, നൃത്തം, കായികം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.വിദ്യാർഥികൾക്ക് കൗൺസിലർമാരുമായി ആശങ്കകൾ പങ്കുവെക്കാൻ രഹസ്യ ചാനലുകൾ, പരാതി പെട്ടികൾ, ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കണം.
എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും വർഷത്തിൽ രണ്ട് തവണ സർട്ടിഫൈഡ് മാനസികാരോഗ്യ വിദഗ്ധരുടെ പരിശീലനം നൽകണം. വിദ്യാർഥികളുടെ മാനസികാരോഗ്യ വിവരങ്ങളും കൗൺസിലിങ് രേഖകളും രഹസ്യമായി സൂക്ഷിക്കണമെന്നും, ബുള്ളിയിങ്, സൈബർ ബുള്ളിയിങ്, റാഗിങ്, ലൈംഗിക പീഡനം, ജാതി, ലിംഗം, മതം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനം എന്നിവ പരിഹരിക്കാൻ രഹസ്യ പരാതി പരിഹാര സംവിധാനം വേണമെന്നും ചട്ടത്തിൽ പറയുന്നു. സ്കൂൾ സമയബന്ധിതമായി നടപടിയെടുത്തില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.