100 ഏക്കറിൽ 5000 പേർക്ക് വീട്; ‘നിത മുകേഷ് അംബാനി അനന്ത് ആശ്രയക്ക്’ തുടക്കം കുറിച്ച് നിത അംബാനി
മുംബൈ: അനാഥരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്ഥിരമായ സുരക്ഷിത ഭവനം ഒരുക്കുന്ന ബൃഹത് ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി. 'നിത മുകേഷ് അംബാനി അനന്ത് ആശ്രയ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ശിലാസ്ഥാപന കർമം മുംബൈക്ക് സമീപം കർജത്തിൽ നീത അംബാനി നിർവഹിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രത്യേക കരുതൽ ആവശ്യമുള്ളവരുമായ വിഭാഗങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ സംരംഭം.
ഏകദേശം 100 ഏക്കറിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന വിശാലമായ ടൗൺഷിപ്പാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ അർഹമായ പിന്തുണ ലഭിക്കാതെ പോകുന്ന 5,000ലധികം ആളുകൾക്ക് സ്ഥിരമായ സുരക്ഷിതമായ താമസവും സംരക്ഷണവും നൽകാൻ ഇതിലൂടെ സാധിക്കും.
താമസക്കാർക്ക് പുറമെ, അവർക്ക് ആവശ്യമായ പരിചരണം നൽകുന്ന ആരോഗ്യ പ്രവർത്തകർ, സപ്പോർട്ട് സ്റ്റാഫ്, മറ്റ് ജീവനക്കാർ എന്നിവരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ ഏകദേശം 15,000 പേർ അടങ്ങുന്ന വലിയൊരു സമൂഹമായിരിക്കും ഈ ടൗൺഷിപ്പിൽ ഉണ്ടാകുക.
ഇവിടെയെത്തുന്ന താമസക്കാർ വലിയ ഹോസ്റ്റലുകളിലല്ല, മറിച്ച് ചെറിയ കുടുംബ ശൈലിയിലുള്ള സൗഹൃദപരമായ വീടുകളിലാണ് താമസിക്കുക. സമർപ്പിതരായ ഹൗസ് പേരന്റ്സിന്റെയും പരിചാരകരുടെയും സ്നേഹപൂർണ്ണമായ പിന്തുണയും മേൽനോട്ടവും ഇവർക്ക് എപ്പോഴും ലഭിക്കും.
ഇന്ത്യയിലെ പവിത്രമായ എട്ട് നദികളുടെ പേരിലായിരിക്കും ഈ ടൗൺഷിപ്പിലെ എട്ട് റെസിഡൻഷ്യൽ വില്ലേജുകൾ അറിയപ്പെടുക. താമസക്കാർക്ക് മാനസികവും ശാരീരികവുമായ ഉല്ലാസവും മികച്ച ജീവിത നിലവാരവും ഉറപ്പാക്കുന്ന രീതിയിലുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെ നിത അംബാനി അതീവ വികാരാധീനയായി. ‘തന്റെയും കുടുംബത്തിന്റെയും ഏറെക്കാലത്തെ സ്വപ്ന സാക്ഷാത്കാരമാണ് ഈ പദ്ധതിയെന്ന് അവർ വ്യക്തമാക്കി. ‘എനിക്കും എന്റെ കുടുംബത്തിനും 'നിത മുകേഷ് അംബാനി അനന്ത് ആശ്രയ' എന്നത് ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു തുടക്കമാണ്. ഭിന്നശേഷിക്കാരായ ആളുകൾക്കും വീട് ആവശ്യമുള്ള കുട്ടികൾക്കും പരിചരണവും ആശ്വാസവും തേടുന്ന മുതിർന്നവർക്കും സ്നേഹം നിറഞ്ഞ ഒരു വീട് കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്’ നിത അംബാനി പറഞ്ഞു.
‘ഒരു അമ്മ എന്ന നിലയിൽ, തങ്ങൾ ഇല്ലാതായതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ട കുട്ടികളെ ആര് പരിപാലിക്കും എന്ന് ജീവിതകാലം മുഴുവൻ ആകുലപ്പെടുന്ന നിരവധി മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അത്തരം മാതാപിതാക്കൾക്ക്, തങ്ങൾ കൂടെയില്ലെങ്കിലും തങ്ങളുടെ കുട്ടിക്ക് എപ്പോഴും ഒരു വീടും സ്വന്തമായി ഒരു കുടുംബവും ഉണ്ടായിരിക്കും എന്ന ഉറപ്പിൽ സമാധാനം കണ്ടെത്താൻ കഴിയുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും പ്രതീക്ഷയും’ നിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.