ചെന്നൈ: അനേകം കലാകാരൻമാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ പ്രകടനം കണ്ടാസ്വദിക്കാനും സഹായകരമായ മാധ്യമമാണ് ടിക് ടോക്. നല്ല നിലയിലും മോശം നിലയിലും ടിക് ടോക് ചർച്ചാ വിഷയമാകാറുണ്ട്. എന്നാൽ അതേ ടിക് ടോക് ഒരു യുവതിക്ക് തെൻറ നാടുവിട്ടു പോയ ഭർത്താവിനെ തിരികെ കിട്ടാൻ സഹായകമായിരിക്കുകയാണ്. തമിഴ്നാട്ടിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശിനി ജയപ്രദക്കാണ് മൂന്ന് വർഷം മുമ്പ് തന്നേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് നാടുവിട്ടു പോയ ഭർത്താവിനെ ടിക് ടോകിലൂടെ കണ്ടെത്തി തിരികെ കൊണ്ടുവരാൻ സാധിച്ചത്.
2016ലാണ് ജയപ്രദയുടെ ഭർത്താവ് സുരേഷ് ഭാര്യയെയും മക്കളെയും ഉേപക്ഷിച്ച് കടന്നുകളഞ്ഞത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെല്ലാം സുരേഷിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജയപ്രദ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും സുരേഷിനെ കുറിച്ച് വിവരമില്ലായിരുന്നു.
അന്വേഷണം ഏറെ കുറെ വഴിമുട്ടിയ സാഹചര്യത്തിലാണ് ജയപ്രദയുടെ ഒരു ബന്ധു സുരേഷിനോട് രൂപ സാദൃശ്യമുള്ള ഒരാളുടെ വിഡിയോ ടിക് ടോകിൽ കാണുന്നത്. ഒപ്പം ഒരു ട്രാൻസ്ജൻഡറുമുണ്ടായിരുന്നു. ഈ ദൃശ്യം കണ്ട ജയപ്രദ അത് സുരേഷ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് വിഴുപ്പുറം എന്ന സ്ഥലത്തുവെച്ച് സുരേഷിനെ കണ്ടെത്തി തിരിെക കൊണ്ടു വരികയായിരുന്നു.
ചില കുടുംബ പ്രശ്നങ്ങെള തുടർന്ന് നാടുവിട്ട സുരേഷ് ഹൊസൂർ എന്ന സ്ഥലത്ത് മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നെന്നും ടിക് ടോക് വിഡിയോയിൽ ഒപ്പമുണ്ടായിരുന്ന ട്രാൻസ്ജൻഡറുമായി ഇയാൾ ബന്ധം പുലർത്തി വരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. ട്രാൻസ്ജൻഡറുകളുെട ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുെട സഹായത്തോടെയാണ് പൊലീസ് സുരേഷിനെ കണ്ടെത്തിയത്. ജയപ്രദയേയും സുരേഷിനേയും കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.