ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. പടക്കനിർമ്മാണശാലയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. കൃഷ്ണഗിരിയിലെ പഴയപ്പെട്ടിയിലാണ് സംഭവം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കൃഷ്ണഗിരിയിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിക്കാനിടയായ സംഭവം അതീവ ദുഃഖകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ എത്രയും പെട്ടെന്ന് ആശുപത്രി വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രക്ഷാപ്രവർത്തനം എകോപിപ്പിക്കുന്നതിനായി മന്ത്രി ചക്രപാണിയെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.