തമന്ന ഭാട്ടിയ
ബംഗളൂരു: തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ കർണാടകയിൽ പ്രതിഷേധം.സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി കന്നഡ നടി മതിയെന്നും തമന്നയെ വേണ്ടെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
സോപ്പിന്റെ നിർമാതാക്കളായ സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻസ്‍സ് ലിമിറ്റഡ്(കെ.എസ്.ഡി.എൽ) 6.2കോടി രൂപക്കാണ് തമന്നയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. രണ്ടുവർഷത്തേക്കാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. 2028 ഓടെ വാർഷിക വരുമാനം 5000 കോടി രൂപയിലെത്തിക്കുന്ന എന്നതാണ് കെ.എസ്.ഡി.എല്ലിന്റെ ലക്ഷ്യം.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ എം.എസ്. ധോണിയായിരുന്നു നേരത്തേ മൈസൂർ സാൻഡലിന്റെ അംബാസഡറായിരുന്നത്. 2006ലാണ് ധോണിയുമായി കരാറിലെത്തിയത്. എന്നാൽ സോപ്പിന്റെ പ്രമോഷനായി കൂടുതൽ സമയം ചെലവഴിക്കാൻ ധോണിക്ക് സാധിച്ചില്ല. അതിനാൽ ഒരു വർഷത്തിനു ശേഷം കരാർ റദ്ദാക്കി.
ദീപിക പദുക്കോൺ, രശ്മിക മന്ദാന, പൂജ ഹെഡ്ഗെ, കിയാര അദ്വാനി എന്നീ നടിമാരെയും ബ്രാൻഡ് അംബാസഡർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും തമന്നക്കാണ് നറുക്ക് വീണത്.
1916ലാണ് മൈസൂർ സാൻഡൽ നിർമാണം തുടങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനി പിന്നീട് കർണാടക സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.