ന്യൂഡൽഹി: സുപ്രീംകോടതി വിധിക്ക് കോഴനൽകിയ കേസിെൻറ അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി എന്തു ചെയ്യണമെന്ന കാര്യം വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിലൂടെ ഹരജിക്കാരനായ പ്രശാന്ത് ഭൂഷൺ ചെയ്തത് കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എ.കെ. മിശ്ര, എ.എം. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി വിധിപറയാൻ മാറ്റിയത്.
ഹരജി തികഞ്ഞ കോടതിയലക്ഷ്യമാണെന്നും അത് സ്വയം പിൻവലിച്ച് പ്രതിസന്ധി പരിഹരിക്കുകയാണ് പ്രശാന്ത് ഭൂഷൺ ചെയ്യേണ്ടതെന്നും കേന്ദ്ര സർക്കാറും ബോധിപ്പിച്ചു. ജസ്റ്റിസ് ചെലമേശ്വറിെൻറ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിെൻറ വിധി മറികടക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുതുതായി മൂന്നംഗ ബെഞ്ചുണ്ടാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിലനിൽക്കില്ലെന്നും പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ പിതാവും മുതിർന്ന നിയമജ്ഞനുമായ ശാന്തിഭൂഷൺ വാദിച്ചു. ഭരണഘടനാപരമായി സുപ്രീംകോടതിയിലെ എല്ലാ ബെഞ്ചും അവകാശങ്ങളിൽ തുല്യമാണ്. കേസുകൾ ഭരണഘടനാ ബെഞ്ചിന് വിടാനും ആ ബെഞ്ചിൽ മുതിർന്ന ജഡ്ജിമാർ മതിയെന്ന് പറയാനും ഏതു ബെഞ്ചിനും അവകാശമുണ്ട്. ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലെ കേസ് ഫയലുകളുടെ പരമാധികാരിയല്ല. അത്തരമൊരു വ്യവസ്ഥ ഭരണഘടനയിലോ ചട്ടങ്ങളിലോ ഇല്ലാതെ ഉത്തരവിറക്കിയാൽ നിലനിൽക്കില്ല. അതിനാൽ, ഇൗ ബെഞ്ച് നിയമപരമായി നിലനിൽക്കില്ലെന്നും ഇതിന് കേസിെൻറ മെറിറ്റിലേക്ക് കടക്കാൻ കഴിയില്ലെന്നും ശാന്തി ഭൂഷൺ വാദിച്ചു.
ഇൗ വാദം തള്ളിയ ജസ്റ്റിസ് അരുൺ കെ. മിശ്ര, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഉണ്ടാക്കിയ ബെഞ്ചാണിതെന്നും അതിലിനിയൊന്നും ചെയ്യാനില്ലെന്നും മറുപടി നൽകി. തുടർന്ന് ഹരജിക്കാരുടെ ഭാഗത്തുനിന്ന് പ്രശാന്ത് ഭൂഷണും കേന്ദ്ര സർക്കാറിനുവേണ്ടി അറ്റോണി ജനറലും വാദമുഖം അവതരിപ്പിച്ച ശേഷമാണ് ഹരജിയിൽ എന്ത് തുടർ നടപടി കൈക്കൊള്ളണമെന്ന് വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
വിധി അനുകൂലമാക്കാമെന്നു പറഞ്ഞ് ചില അഭിഭാഷകർ പണം വാങ്ങുന്നു –കേന്ദ്രം
സുപ്രീംകോടതിയിൽനിന്ന് വിധി അനുകൂലമാക്കി തരാമെന്നുപറഞ്ഞ് പണം വാങ്ങി പറ്റിക്കുന്ന ചില അഭിഭാഷകരുള്ളതായി കേട്ടിട്ടുണ്ടെന്നും എന്നാൽ, അത് ജഡ്ജിമാർക്ക് നൽകാനല്ലെന്നും കേന്ദ്ര സർക്കാർ. സുപ്രീംകോടതി വിധി അനുകൂലമാക്കാൻ കൈക്കൂലി വാങ്ങിയതിന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി േമൽനോട്ടത്തിൽ മറ്റൊരു ഏജൻസിക്ക് കൈമാറരുതെന്നും ഇൗ ഹരജി കോടതിയലക്ഷ്യമാണെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ മൂന്നംഗ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. വിധി അനുകൂലമാക്കാനെന്നു പറഞ്ഞ് പണം വാങ്ങുന്ന അഭിഭാഷകർ വിധി അനുകൂലമായാൽ അതെടുക്കുമെന്നും അല്ലെങ്കിൽ തിരിച്ചുകൊടുക്കുമെന്നുമാണ് തെൻറ അറിവെന്നും എ.ജി വിശദീകരിച്ചു. പ്രശാന്ത് ഭൂഷൺ നൽകിയതിന് സമാനമായ ഹരജികളിൽ കോടതിയലക്ഷ്യത്തിന് തടവും പിഴയും ചുമത്തിയ അനുഭവമുണ്ടെന്നും എ.ജി വാദിച്ചു.
ഇത് ഇൗ സ്ഥാപനത്തിെൻറ അന്തസ്സിടിക്കുന്നതാണെന്ന് എ.ജി ബോധിപ്പിച്ചപ്പോൾ ഇതിനകം ഹാനി സംഭവിച്ചുകഴിഞ്ഞെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണം.ഒരു വിഷയത്തിൽ ഒരേ കാര്യങ്ങൾ ഒരുപോലെ തയാറാക്കി രണ്ടു ഹരജികളായി രണ്ടു ബെഞ്ചിന് മുന്നിൽ സമർപ്പിച്ചത് ബോധപൂർവം ചെയ്തതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. അഡ്വ. പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജി ജസ്റ്റിസ് സിക്രിയുടെ കോടതി പരിഗണിക്കാനിരിക്കേ അതേ കൂട്ടായ്മയിൽ അംഗമായ അഡ്വ. കാമിനി ജയ്സ്വാൾ മറ്റൊരു ഹരജിയുമായി എന്തിനാണ് ജസ്റ്റിസ് ചെലമേശ്വറിെൻറ കോടതിയിൽ പോയതെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, ബുധനാഴ്ച രാവിലെ തെൻറ ഹരജി പരിഗണിച്ചത് ജസ്റ്റിസ് ചെലമേശ്വറായിരുന്നുവെന്നും എന്നാൽ അന്നുച്ചക്ക് 12ന് അസാധാരണ നടപടിയിലൂടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആ കേസ് ജസ്റ്റിസ് സിക്രിയുടെ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി രജിസ്ട്രിയെ കൊണ്ട് അടിയന്തര ഉത്തരവിടീക്കുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇൗ കേസേന്വഷണത്തിെൻറ പരിധിയിൽ വരുന്ന ചീഫ് ജസ്റ്റിസ് ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ ഭരണപരമോ ജുഡീഷ്യലോ ആയ തീരുമാനമെടുക്കാതെ മാറിനിൽക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് വിരുദ്ധമായി ചെയ്തതുകൊണ്ടാണ് മറ്റൊരു ഹരജിയുമായി ജസ്റ്റിസ് ചെലമേശ്വർ മുമ്പാകെ പോയതെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.