ഗോവയിലും ബി.ജെ.പിയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും എന്തേ ബീഫ് നിരോധിക്കാത്തത്; ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹപരമായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനം കൈക്കൊള്ളാൻ. ലക്ഷദ്വീപിൽ ബീഫ് നിരോധനം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഗോവയിലും ബി.ജെ.പി ഭരിക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കുന്നില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത് ചോദിച്ചു.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർ തീരുമാനങ്ങൾ നടപ്പാക്കാവൂ. അല്ലാത്ത പക്ഷം വലിയ പ്രതിഷേധങ്ങളുയരും. വർഗീയത ആളിക്കത്തിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. അത്തരം പ്രവൃത്തികൾക്ക് രാജ്യം മുഴുവൻ വിലനൽകേണ്ടി വരും -സഞ്ജയ് റാവുത്ത് പറഞ്ഞു.

ലക്ഷദ്വീപിന്‍റെ വികസനത്തിന് ആരും എതിരല്ല. പക്ഷേ, നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരേപോലെയുള്ളതാകണം. ലക്ഷദ്വീപിൽ ബീഫ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ, കേരളത്തിൽ നിരോധനമില്ല. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിരോധനമില്ല. ലക്ഷദ്വീപിൽ മാത്രം നിരോധനം വരുമ്പോൾ ജനങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉയരും. അഡ്മിനിസ്ട്രേറ്റർ ഒരു രാഷ്ട്രീയക്കാരനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനങ്ങളെടുത്തില്ലെങ്കിൽ പ്രതിഷേധമുയരും -സഞ്ജയ് റാവുത്ത് പറഞ്ഞു.

ശിവസേന മുഖപത്രമായ സാമ്ന ലക്ഷദ്വീപ് വിഷയത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രഫുൽ പട്ടേലിന്‍റെ ഏകപക്ഷീയ നടപടികളാണ് ദാദ്ര ആൻഡ് നാഗർ ഹവേലിക്ക് പിന്നാലെ ലക്ഷദ്വീപിലും കാണുന്നതെന്ന് സാമ്ന വിമർശിച്ചു.

Tags:    
News Summary - Take locals into confidence or there will be unrest: Shiv Sena over Lakshadweep row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.