ആസിഡ് ആക്രമണക്കേസ് വിചാരണയിലെ 16 വർഷം നീണ്ട കാലതാമസത്തിൽ ഞെട്ടലും വേദനയും പ്രകടിപ്പിച്ച് സുപ്രീംകോടതി; രാജ്യവ്യാപകമായ കണക്കുകൾ തേടി

ന്യൂഡൽഹി: ആസിഡാക്രമണത്തിന്റെ ഇരകൾ നേരിടുന്ന ഗുരുതര ആഘാതവും കേസിലെ വ്യാപകമായ കാലതാമസവും സംബന്ധിച്ച ഹരജിയിൽ അനുഭാവപൂർവം ഇടപെട്ട് സുപ്രീംകോടതി. ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട വിചാരണ അവസാനിക്കുന്നതിലെ 16 വർഷത്തെ കാലതാമസത്തിൽ സുപ്രീംകോടതി ഞെട്ടലും വേദനയും പ്രകടിപ്പിച്ചു. ഇത് ലജ്ജാകരവും നിയമവ്യവസ്ഥയെ പരിഹസിക്കുന്നതുമാണെന്ന് പറഞ്ഞു.

ദൈനംദിന വാദം കേൾക്കലുകളും പ്രത്യേക കോടതി ലിസ്റ്റിങ്ങും പരിഗണിക്കുന്നതിലെ വ്യവസ്ഥാപിത വീഴ്ചകളെ കോടതി ചോദ്യം ചെയ്തു. തീർപ്പുകൽപ്പിക്കാത്ത ആസിഡ് ആക്രമണ കേസുകളുടെ വിവരങ്ങൾ നൽകാൻ സുപ്രീംകോടതി രാജ്യത്തുടനീളമുള്ള എല്ലാ ഹൈകോടതികൾക്കും നോട്ടീസ് അയക്കുകയും ചെയ്തു.

‘ഞങ്ങൾക്ക് ശരിക്കും ഖേദമുണ്ട്. ഇത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതാണ്. 2009ലെ വിചാരണ ഇപ്പോഴും നടക്കുന്നത് വളരെ ലജ്ജാകരമാണ്. ദേശീയ തലസ്ഥാനത്തിന് ഇത് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആരാണ് അത് ചെയ്യുക?’ -ഒരു വാദം കേൾക്കുന്നതിനിടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. 2009ൽ കേസ് രജിസ്റ്റർ ചെയ്തിട്ടും ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് കോടതിയിൽ വിചാരണ ആവശ്യ​​പ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ച്. കാലതാമസത്തിനുള്ള കാരണങ്ങൾ വിശദീകരിച്ച് ഒരു അപേക്ഷ സമർപ്പിക്കാൻ അഭിഭാഷകനൊപ്പം ഹാജരായ ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

സ്വയം വേദന അനുഭവിക്കെ, രാജ്യത്തെ മറ്റ് ആസിഡ് ഇരകൾക്കുകൂടി താൻ അഭ്യർഥിക്കുകയാണെന്ന് ഇര ബെഞ്ചിനോട് പറഞ്ഞു. ചില പെൺകുട്ടികളെ  അവരെ കുറ്റവാളികൾ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ച സംഭവങ്ങളുണ്ടെന്നും അവർ പറഞ്ഞു.

‘ഇത്തരം കേസുകളിൽ ഇരകൾക്ക് സാധാരണയായി ഭക്ഷണം കഴിക്കാൻ കഴിയില്ല. ഡോക്ടർമർ സ്ഥാപിച്ച ഭക്ഷണ പൈപ്പുകളുടെ സഹായം വേണ്ടതുണ്ട്.’- സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ വികാരങ്ങൾ പ്രതിധ്വനിപ്പിക്കുകയും അത്തരം കുറ്റവാളികളോട് കരുണ കാണിക്കരുതെന്ന് പറയുകയും ചെയ്തു. അവരോടും ഇതേ ക്രൂരതയോടെ പെരുമാറണമെന്നും മേത്ത വാദിച്ചു.

തുടർന്ന് വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾക്ക് മുമ്പാകെ ഇത്തരം മുഴൂവൻ കേസുകളും ലിസ്റ്റ് ചെയ്യാൻ  ബെഞ്ച് നിർദേശിച്ചു.

Tags:    
News Summary - Supreme Court expresses shock and pain over 16-year delay in acid attack case trial; seeks nationwide figures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.