ഗ്രാമങ്ങളിൽ ക്രിസ്ത്യാനികൾക്ക് വിലക്ക്: വർ​ഗീയതയുടെ പുതിയ രഥയാത്രയെന്ന് സിറോ മലബാർ സഭ

ന്യൂഡൽഹി: ഛത്തീസ്​ഗഡിലെ ചില ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവം, വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സിറോ മലബാർ സഭ. ഒരു വിഭാ​ഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണിതെന്നും സഭയുടെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിഭജനപരമായ അതിർത്തിയാണിത്. ഇത് കോടതി അം​ഗീകരിച്ചതോടെ ഹിന്ദുത്വ ശക്തികൾ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം കൂടി ആരംഭിച്ചിരിക്കുന്നു. ഹൈകോടതി നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. ഇന്ത്യയെ മതേതരമായി നിലനിർത്തുന്നതിന് ഹിന്ദുത്വ അധിനിവേശത്തിനെതിരായ ഈ പോരാട്ടം മറ്റ് വർഗീയതയുമായോ തീവ്രവാദങ്ങളുമായോ താരതമ്യം ചെയ്തുകൊണ്ടോ അല്ലെങ്കിൽ ‘വിശുദ്ധ നിശ്ശബ്ദത’ പാലിച്ചുകൊണ്ടോ ആകരുത്. ‘ഒടുവിൽ, അവർ നിങ്ങളെ തേടിയെത്തി’ എന്ന ഫാഷിസ്റ്റ് വിരുദ്ധ വാക്കുകൾ ദുരുപയോഗം ചെയ്യുന്ന വർഗീയ, തീവ്രവാദികളുടെ പ്രലോഭനങ്ങൾക്ക് നാം ചെവികൊടുക്കരുത്. ഈ പോരാട്ടം ഏതെങ്കിലും തരത്തിലുള്ള മതഭ്രാന്തുമായി സഖ്യത്തിലായിരിക്കരുത്. അത് പൗരാവകാശങ്ങളുടെ മാഗ്ന കാർട്ടയായ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് മാത്രമേ നടത്താവൂ’ -പ്രസ്താവനയിൽ പറഞ്ഞു.

ഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹരജിയാണ് കഴിഞ്ഞദിവസം ഹൈകോടതി തള്ളിയത്. നിർബന്ധിത മതംമാറ്റം തടയാൻ ഗ്രാമസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇവ ഭരണഘടനാവിരുദ്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തൽ.

പാസ്റ്റർമാർക്കും മതം മാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനം വിലക്കി എട്ട് ഗ്രാമങ്ങളിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തീർപ്പാക്കിയത്. എന്നാൽ, പ്രലോഭിപ്പിച്ചും വഞ്ചിച്ചും നിർബന്ധിതമായി മതംമാറ്റുന്നത് തടയാനാണ് ഈ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒക്ടോബർ 28നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തദ്ദേശീയരായ ഗോത്രവർഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ബന്ധപ്പെട്ട ഗ്രാമസഭകൾ ഈ ഹോർഡിങ്ങുകൾ സ്ഥാപിച്ചതെന്ന് ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

ക്രിസ്ത്യൻ സമൂഹത്തെയും മത നേതാക്കളെയും മുഖ്യധാരയിൽ നിന്ന് വേർതിരിച്ച് ഊരുവിലക്കുന്ന ഇത്തരം ബോർഡുകൾക്കെതിരെ കാങ്കർ സ്വദേശിയായ ദിഗ്ബൽ താണ്ടി എന്നയാളാണ് റിട്ട് ഹർജി സമർപ്പിച്ചത്. പഞ്ചായത്ത് വകുപ്പിന്റെ നിർദേശപ്രകാരം ‘നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം’ എന്ന പേരിൽ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്ത്, ജൻപഥ് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവക്ക് നിർദേശം നൽകിയിരുന്നുവെന്നും, പാസ്റ്റർമാരുടെയും മതം മാറിയ ക്രിസ്ത്യാനികളുടെയും പ്രവേശനം ഗ്രാമത്തിൽ നിരോധിക്കുക എന്നതായിരുന്നു ഈ സർക്കുലറിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽ ഭയമുണ്ടാക്കുന്ന വിധത്തിൽ കാങ്കർ ജില്ലയിൽ മാത്രം കുറഞ്ഞത് എട്ട് ഗ്രാമങ്ങളിൽ ഊരുവിലക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 1996-ലെ പഞ്ചായത്ത് നിയമത്തിലെ (PESA) വ്യവസ്ഥകൾ ക്രിസ്ത്യൻ സമുദായത്തിനെതിരെ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രാദേശിക സാംസ്കാരിക പൈതൃകം, ആരാധനാ കേന്ദ്രങ്ങൾ, സാമൂഹിക ആചാരങ്ങൾ എന്നിവ സംരക്ഷിക്കാൻ പെസ നിയമം ഗ്രാമസഭക്ക് അധികാരം നൽകുന്നുണ്ടെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) വൈ.എസ്. താക്കൂർ വാദിച്ചു.

ഗോത്രവർഗക്കാരെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യുന്നതിനായി ഗ്രാമത്തിൽ പ്രവേശിക്കുന്ന മറ്റ് ഗ്രാമങ്ങളിലെ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാത്രമായി നിരോധനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഹോർഡിങ്ങുകൾ സ്ഥാപിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

സീറോമലബാർ സഭയുടെ പ്രസ്താവനയുടെ പൂർണരൂപം:

ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ, പാസ്റ്റർമാരെയും മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികളെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് - കോടതി ഇപ്പോൾ ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരന്മാരായി അടയാളപ്പെടുത്തുന്ന ആ സൈൻബോർഡാണ് വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിവേചനം. മതേതര ഇന്ത്യയിൽ, ഹിന്ദുത്വ ശക്തികൾ മതപരമായ വിവേചനത്തിലും ആക്രമണാത്മക അസഹിഷ്ണുതയിലും മറ്റൊരു പരീക്ഷണം വിജയകരമായി ആരംഭിച്ചു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികളെയും നിരോധിക്കുന്ന ഈ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ, സ്ഥാപനവൽക്കരിക്കപ്പെട്ട വർഗീയതയുടെ ഒരു പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു.

ഇതിനെതിരായ ഹർജി തള്ളിയ ഹൈക്കോടതി, പ്രസ്തുത ബോർഡ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്ന കൊലയാളികൾ, ദലിതരെയും ആദിവാസികളെയും പീഡിപ്പിക്കുന്നവർ, "ഘർ വാപസി" വഴി മതപരിവർത്തനത്തിന് നിർബന്ധിക്കുന്നവർ എന്നിവരെ വിലക്കാത്ത രാജ്യത്ത്, ഈ വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണം.

ഇന്ത്യയെ മതേതരമായി നിലനിർത്തുന്നതിന് ഹിന്ദുത്വ അധിനിവേശത്തിനെതിരായ ഈ പോരാട്ടം മറ്റ് വർഗീയതയുമായോ തീവ്രവാദങ്ങളുമായോ താരതമ്യം ചെയ്തുകൊണ്ടോ അല്ലെങ്കിൽ ‘വിശുദ്ധ നിശ്ശബ്ദത’ പാലിച്ചുകൊണ്ടോ ആകരുത്. "ഒടുവിൽ, അവർ നിങ്ങളെ തേടിയെത്തി" എന്ന ഫാഷിസ്റ്റ് വിരുദ്ധ വാക്കുകൾ ദുരുപയോഗം ചെയ്യുന്ന വർഗീയ, തീവ്രവാദികളുടെ പ്രലോഭനങ്ങൾക്ക് നാം ചെവികൊടുക്കരുത്. ഈ പോരാട്ടം ഏതെങ്കിലും തരത്തിലുള്ള മതഭ്രാന്തുമായി സഖ്യത്തിലായിരിക്കരുത്. അത് പൗരാവകാശങ്ങളുടെ മാഗ്ന കാർട്ടയായ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് മാത്രമേ നടത്താവൂ’

Tags:    
News Summary - Syro Malabar Church against Chhattisgarh signboards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.