300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക്, മാലിന്യവെള്ളത്തിൽ ലക്ഷങ്ങൾ കുളിക്കുന്നു; മഹാ കുംഭമേള നടത്തിപ്പിനെ വിമർശിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്ത് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. സംഘാടകർ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും ജനക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.

300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് തെറ്റായ സംഘാടനം അല്ലാതെ മറ്റെന്താണ്? ആളുകൾക്ക് ലഗേജുമായി 25-30 കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. കുളിക്കുന്ന വെള്ളത്തിൽ മാലിന്യം കലർന്നിരുന്നു. എന്നിട്ടും നിങ്ങൾ കോടിക്കണക്കിനാളുകളെ അതിൽ കുളിക്കാൻ നിർബന്ധിക്കുന്നു. കുളിക്കാൻ പറ്റില്ലെന്ന് ശാസ്ത്രലോകം വിലയിരുത്തിയ വെള്ളത്തിലാണ് ജനലക്ഷങ്ങൾ മുങ്ങുന്നതെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എ.എൻ.ഐയോട് പ്രതികരിച്ചു.

12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത്രയധികം ആളുകൾ വരുമെന്നും എന്നാൽ അവർക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്നും മുൻകൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കിൽ അതിനായുള്ള പദ്ധതി നേരത്തെ തന്നെ തയ്യാറാക്കാമായിരുന്നില്ലേ. നിങ്ങൾ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ലെന്ന് മാത്രമല്ലെ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്തത്. 144 വർഷത്തെ സംസാരം തന്നെ നുണയാണ്. ആൾക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ല. ആളുകൾ മരിച്ചപ്പോൾ അത് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ 'മൃത്യു കുംഭ്' ആയി 'മഹാ കുംഭ്' മാറിയെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയുടെ പരാമർശം. പ്രയാഗ് രാജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജനുവരി 30ന് 29 ​പേർ മരണപ്പെട്ട സംഭവം മുൻനിർത്തിയായിരുന്നു മമതയുടെ പരാമർശം. എന്നാൽ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാൻ പോലും പറ്റുന്നത്ര ശുദ്ധമാണെന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മറുപടി.

Tags:    
News Summary - Swami Avimukteshwaranand Saraswati Maharaj against UP Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.