ന്യൂഡൽഹി: മജിസ്ട്രേറ്റിനോ മേൽകോടതികൾക്കോ അല്ലാതെ തുടരന്വേഷണത്തിന് ഉത്തരവിടാൻ ജില്ല പൊലീസ് സൂപ്രണ്ടിന് അധികാരമില്ലെന്ന് സുപ്രീംകോടതി . കോട്ടയത്തെ തൊഴിൽ തട്ടിപ്പുകേസിൽ കേരള ഹൈകോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ഒരിക്കൽ കേസ് ഡയറി അടച്ചുവെച്ച് മജിസ്ട്രേറ്റ് മുമ്പാകെ നടപടി അവസാനിപ്പിച്ച കേസിൽ കോട്ടയം ജില്ല പൊലീസ് സൂപ്രണ്ട് തുടരന്വേഷണത്തിന് ഉത്തരവിട്ടതും രണ്ടാമത് എഫ്.ഐ.ആർ സമർപ്പിച്ചതും നിയമവിരുദ്ധമാണെന്ന് ബെഞ്ച് വിധിച്ചു.
തുടരന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിക്കോ അതിന്റെ മേൽകോടതികൾക്കോ ആണെന്നും അന്വേഷണ ഏജൻസികൾക്കല്ലെന്നും നിരവധി സുപ്രീംകോടതി വിധികളുദ്ധരിച്ച് ബെഞ്ച് അസന്നിഗ്ധമായി വ്യക്തമാക്കി. 1973ലെ ക്രിമിനൽ നടപടി ക്രമത്തിലെ 190 വകുപ്പു പ്രകാരം ഒരു കേസിൽ തുടരന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതിക്കാണെന്നും എന്നാൽ അതേ കേസിൽ പുനരന്വേഷണത്തിനോ പുതിയ അന്വേഷണത്തിനോ ഉത്തരവിടേണ്ടത് ഹൈകോടതിയാണെന്നും വിധി തുടർന്നു.
ഭാര്യമാർക്ക് കോട്ടയം റബർ ബോർഡിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് 3,83,583 രൂപ തട്ടിയതിനെതിരെ സമർപ്പിച്ച ഒരു കൂട്ടം പരാതികളാണ് കേസിനാധാരം. 2015 ഒക്ടോബർ 24ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം പരാതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. അതിനാൽ തെളിവില്ലാത്ത വ്യാജ കേസാണെന്ന് പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തി. എന്നാൽ അതിനു ശേഷം കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം വൈക്കം എസ്.ഐ അനിൽ കുമാർ തുടരന്വേഷണം നടത്തി മറ്റൊരു എഫ്.ഐ.ആർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചു.
ഈ തുടരന്വേഷണം നിയമ വിരുദ്ധമാണെന്ന കേസിലെ പ്രതിയായിരുന്ന ഹരജിക്കാരനായ പീതാംബരന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ജില്ല പൊലീസ് സൂപ്രണ്ട് ഇന്ത്യൻ പൊലീസ് സർവിസിലെ ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഉത്തരവ് ഒരു ജഡ്ജിയുടെ ഉത്തരവ് പോലെയല്ല. അത്തരമൊരു അന്വേഷണത്തിന് കോടതിയുടെ അനുമതി തേടിയിട്ടുമില്ല. അതിനാൽ എസ്.ഐ അനിൽ കുമാർ സമർപ്പിച്ച രണ്ടാം എഫ്.ഐ.ആറിന് അടിസ്ഥാനമില്ല. സാമ്പത്തിക ഇടപാടുകൾക്ക് രേഖയില്ലാത്തതിനാൽ വ്യാജ പരാതിയാണിതെന്ന് ഒന്നാം എഫ്.ഐ.ആറിൽ വ്യക്തമാക്കിയതാണ്. അതിനാൽ 2019 നവംബർ ആറിലെ കേരള ഹൈകോടതി വിധി റദ്ദാക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.