സുപ്രീംകോടതി (ANI Photo)
ന്യൂഡൽഹി: യമുനാ തീരത്ത് അനധികൃതമായി നിർമിച്ച ശിവക്ഷേത്രം പൊളിച്ച നടപടിക്കെതിരെ നൽകിയ ഇടക്കാലാശ്വാസ ഹരജി സുപ്രീംകോടതി തള്ളി. ഗീത കോളനിക്കും യമുന വെള്ളപ്പൊക്ക സമതലത്തിനും സമീപം നിര്‍മിച്ച ക്ഷേത്രം ഡല്‍ഹി ഡെവലപ്‌മെന്‍റ് അതോറിറ്റി(ഡി.ഡി.എ)യാണ് പൊളിച്ചത്. നേരത്തെ ഹരജി തള്ളിയ ഡല്‍ഹി ഹൈകോടതി ഉത്തരവിൽ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രം പുരാതനമാണെന്ന ഹരജിക്കാരുടെ വാദത്തെ കോടതി തള്ളിക്കളഞ്ഞു. പ്രാചീന ക്ഷേത്രമാണെന്നതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. പുരാതന കാലത്ത് ക്ഷേത്രങ്ങൾ നിർമിച്ചത് പാറ കൊണ്ടാണെന്നും സിമന്‍റും പെയിന്‍റും ഉപയോഗിച്ചല്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള നിർമാണം സമീപകാലത്തേതാണെന്നും ക്ഷേത്രം പൊളിച്ച ഡി.ഡി.എ നടപടിയിൽ വീഴ്ചയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഡി.ഡി.എ നടപടിക്കെതിരെ പ്രാചീൻ ശിവ് മന്ദിർ അവാം അഖാഡ സമിതി സമർപ്പിച്ച ഹരജി മേയ് 29നാണ് ഡൽഹി ഹൈകോടതി തള്ളിയത്. ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും യമുനാതീരം കൈയേറ്റമൊഴിപ്പിച്ച് സുഗമമായി ഒഴുകാൻ അനുവദിച്ചാൽ അതാകും ഭഗവാനെ സന്തോഷിപ്പിക്കുകയെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞില്ലെന്നും ചരിത്രപ്രാധാന്യമുണ്ടെന്ന് വാക്കാൽ പറഞ്ഞതല്ലാതെ തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
വിഗ്രഹങ്ങളും മറ്റ് വസ്തുക്കളും മാറ്റാനും മറ്റേതെങ്കിലും ക്ഷേത്രത്തിൽ സ്ഥാപിക്കാനും ഹരജിക്കാർക്ക് കോടതി 15 ദിവസത്തെ സമയം നൽകുകയും, അനധികൃതമായി നിർമിച്ച ക്ഷേത്രം പൊളിക്കാൻ ഡി.ഡി.എക്ക് അനുമതി നൽകുകയും ചെയ്തു. ഈ ഉത്തരവിനെതിരെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും പൊളിക്കലിനെതിരെ സ്റ്റേ നൽകിയിരുന്നില്ല. തുടർന്നാണ് ഇടക്കാലാശ്വാസ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.