ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവരുടെ ഹരജിയും അഭിഭാഷകനായ എം.എൽ. ശർമയുടെ ഹരജിയുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
ഡോക്യുമെന്‍ററി സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ടോ, അല്ലെങ്കിൽ പരോക്ഷമായോ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ തേടിയാണ് ഹരജികൾ നൽകിയത്. ഡോക്യുമെന്ററിയുടെ ഉള്ളടക്കങ്ങൾ കാണാനും അഭിപ്രായ രൂപവത്കരണത്തിനും വിമർശിക്കാനും റിപ്പോർട്ടു ചെയ്യാനും നിയമാനുസൃതമായി പ്രചരിപ്പിക്കാനും മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും മൗലികാവകാശമുണ്ടെന്നും ഹരജിയിൽ പറയുന്നു.
ഡോക്യുമെന്ററി വിലക്കിയ നടപടി വഞ്ചനാപരവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം.എൽ. ശർമയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടി. 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കേന്ദ്ര സർക്കാർ വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.