ന്യൂഡൽഹി: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന് (എസ്.ഐ.ആർ) എതിരായ ഹരജികൾ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി. മറ്റു സംസ്ഥാനങ്ങളിലും എസ്.ഐ.ആർ ആരംഭിച്ചതിനാൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എ.ഡി.ആർ) പ്രതിനിധാനംചെയ്ത് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയോട് ആവശ്യപ്പെട്ടപ്പോഴാണ് ചൊവ്വാഴ്ചത്തെ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
ഡി.എം.കെക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് സിങ്ങും എസ്.ഐ.ആറിനെതിരായ ഹരജി സമർപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ എല്ലാ ഹരജികളും നവംബർ 11ന് ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കമീഷൻ ആധാർ കാർഡ് രേഖയായി സ്വീകരിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷൺ വെള്ളിയാഴ്ച കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.
ബിഹാറിൽ എസ്.ഐ.ആർ പൂർത്തിയാക്കിയതിന് പിന്നാലെ കേരളം, തമിഴ്നാട്, യു.പി, ബംഗാൾ തുടങ്ങി 12 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ നവംബർ നാലിനാണ് നടപടി ആരംഭിച്ചത്. കേരളത്തില്‍ എസ്.ഐ.ആർ നടപ്പാക്കുന്നത് നിയമപരമായി ചോദ്യംചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ രണ്ടു ദിവസം മുമ്പ് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.