ഞായറാഴ്ച മുതൽ സിഗരറ്റ് വില ഉയരും

മുളങ്കുന്നത്തുകാവ്: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണത്തില്‍ സിഗരറ്റ്‌ വില ഞായറാഴ്ച മുതല്‍ കുത്തനെ ഉയരും. നീളമനുസരിച്ച്‌ സിഗരറ്റ് വിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വർധന. കൂടുതല്‍ വില്‍പനയുള്ള 65 മി.മീറ്ററില്‍ താഴെ നീളമുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളില്‍ 30 ശതമാനം വരെയും വിലവർധനയുണ്ടാകും.

രാജ്യത്ത് സിഗരറ്റുകള്‍ക്ക് ചില്ലറ വിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ഉപയോഗം കുറക്കാനാണ് സിഗരറ്റിന് ഉയർന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ സിഗരറ്റിന് 28 ശതമാനമായിരുന്നു ജി.എസ്.ടി കൂടാതെ ജി.എസ്.ടി. നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, നാമമാത്രമായ രീതിയില്‍ എക്സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാകും. പകരമായി ജി.എസ്.ടി. 40 ശതമാനമാക്കും. കൂടാതെ എക്സൈസ് തീരുവയിലും വലിയ വർധനയുണ്ടാകും.

ക്രിസില്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 65 മില്ലീമീറ്ററില്‍ താഴെയുള്ള സിഗരറ്റിന് 2.05 രൂപ മുതല്‍ 2.10 രൂപ വരെയും 65 മില്ലീമീറ്ററിനു മുകളിലുള്ളവയ്ക്ക് 3.6 രൂപ മുതല്‍ 8.5 രൂപ വരെയും എക്സൈസ് തീരുവയിനത്തില്‍ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ വില്‍പനയുള്ളവയുടെ വിലവർധനയില്‍ ഒരുഭാഗം കമ്പനികള്‍ ഏറ്റെടുത്തേക്കും. മൊത്തം വിപണിയുടെ 40 മുതല്‍ 45 ശതമാനം വരെ 65 മി.മീറ്ററില്‍ താഴെ നീളം വരുന്ന സിഗരറ്റുകളാണ്.

നികുതി ഉയരുന്നതോടെ അടുത്ത സാമ്പത്തികവർഷം സിഗരറ്റ് ഉപഭോഗത്തില്‍ ആറു മുതല്‍ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് അഭിപ്രായപ്പെടുന്നത്. 2014 മുതല്‍ 2018 വരെ കാലയളവില്‍ പലതവണയായി തീരുവ ഉയർത്തിയതിലൂടെ സിഗരറ്റ് വിലയില്‍ 40 മുതല്‍ 50 ശതമാനം വരെ വർധനയുണ്ടായിരുന്നു.

Tags:    
News Summary - Cigarette prices to rise from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.