ന്യൂഡൽഹി: കർണാടക ജഡ്ജിയുടെ വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി. ഹരജി പരിഗണിക്കുന്നതിനിടെ ജഡ്ജി നടത്തിയ വിവാദ പരാമർശങ്ങളിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സ്വമേധയ വിഷയത്തിൽ ഇടപ്പെട്ടത്. കർണാടക ഹൈകോടതിയിൽ നിന്നാണ് ഇവർ റിപ്പോർട്ട് തേടിയത്.
കർണാടക ഹൈകോടതിയിലെ ജസ്റ്റിസായ വേദവ്യാസ്ചർ ശ്രീഷനാനന്ദയുടെ രണ്ട് വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി പരാമർശം നടത്തിയത്. ബംഗളൂരുവിലെ മുസ്‍ലിംകൾ കൂടുതലായുള്ള മേഖലയെ പാകിസ്താൻ എന്ന് വിളിച്ചതാണ് വിവാദമായത്.
വനിത അഭിഭാഷകക്കെതിരെ ജഡ്ജി നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതി സെക്രട്ടറി ജനറലിനോട് സുപ്രീംകോടതി വിശദീകരണം തേടിയത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിന് അനുസരിച്ചുള്ള നടപടിയും ഉണ്ടാകുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകർ ഉൾപ്പടെ പലരും ഹൈകോടതി ജഡ്ജിയുടെ നടപടികൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.