ന്യൂഡൽഹി: തെരുവു നായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ രോഷത്തോടെ ഇടപെട്ട് സുപ്രീംകോടതി. നവംബർ 3ന് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചു. കോടതിയുടെ ഉത്തരവിനോട് അനുസരണക്കേട് കാണിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
ആഗസ്റ്റ് 22ലെ ഉത്തരവ് പാലിക്കാത്തതിൽ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അതൃപ്തി പ്രകടിപ്പിക്കുകയും ഒക്ടോബർ 27ഓടെ പ്രസ്തുത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു.
‘അവരോട് വന്ന് അനുസരണ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുമ്പോൾ അവർ ഉറങ്ങുകയാണ്. കോടതിയുടെ ഉത്തരവിനോട് ബഹുമാനമില്ല. അങ്ങനെയെങ്കിൽ അവർ നേരിട്ടു വരട്ടെ. ഞങ്ങളവരെ കൈകാര്യം ചെയ്തോളാം’ എന്ന് പറഞ്ഞ ജസ്റ്റിസ് നാഥ്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അനുസരണ സത്യവാങ്മൂലം സമർപ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും വ്യക്തമാക്കി.
മൃഗ ജനന നിയന്ത്രണം (എ.ബി.സി) നിയമങ്ങളെക്കുറിച്ച് കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ചോദിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം പരാമർശിക്കുകയും നവംബർ 3ന് ചീഫ് സെക്രട്ടറിമാരെ കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്ന് ബെഞ്ചിനോട് അഭ്യർഥിക്കുകയും ചെയ്തു. ഒക്ടോബർ 27 ന് കേസ് വാദം കേട്ടപ്പോൾ പശ്ചിമ ബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവ മാത്രമാണ് അനുസരണ സത്യവാങ്മൂലം സമർപ്പിച്ചതെന്ന് ബെഞ്ച് പറഞ്ഞു. ഇവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നവംബർ 3ന് ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മുനിസിപ്പൽ കോർപ്പറേഷനുകളും സംസ്ഥാന സർക്കാറുകളും പരിഹരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി സമയം പാഴാക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും ജസ്റ്റിസ് നാഥ് പറഞ്ഞു. ഇതിനായി പാർലമെന്റ് നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.