സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കരണ്‍ ഥാപ്പര്‍, ‘ദ് വയർ’ എഡിറ്റർ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ഇരുവരോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ അസം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് ഇരുവര്‍ക്കും താൽകാലിക ആശ്വാസം ലഭിച്ചു. കേസ് സെപ്റ്റംബര്‍ 15ന് വീണ്ടും പരിഗണിക്കും.
ഈ മാസം 22ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം. ആഗസ്റ്റ് 14നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഥാപ്പറിന് കഴിഞ്ഞ തിങ്കളാഴ്ചയും. വെള്ളിയാഴ്ച ഹാജരായില്ലെങ്കില്‍ അറസ്റ്റുചെയ്യുമെന്നും സമന്‍സിലുണ്ട്. കേസിനെക്കുറിച്ച് മറ്റുവിവരങ്ങളൊന്നും പൊലീസ് സമൻസിൽ പ്രതിപാദിക്കുന്നില്ല.
ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയുടെ പേരിലായിരുന്നു ദ് വയറിനെതിരെ കേസെടുത്തത്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ പിടിപ്പുകേടുമൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ഇന്ത്യന്‍ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. പിന്നാലെ രാജ്യത്തിന്‍റെ അഖണ്ഡതക്ക് ഭീഷണി ഉയര്‍ത്തിയെന്ന വാദമുന്നയിച്ച് വാര്‍ത്താ പോര്‍ട്ടലിനെതിരെ കേസെടുക്കുകയായിരുന്നു. വയറിന്റെ സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമാണ് സിദ്ധാര്‍ഥ് വരദരാജന്‍. ഇതേ സ്ഥാപനത്തിലാണ് ഥാപ്പറും ജോലി ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 152,196 ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ഇരുവർക്കും എതിരെ ചുമത്തിയിരുന്നത്. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പിൻവലിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടിരുന്നു. അസ്സം പൊലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ്. രാജ്യദ്രോഹക്കുറ്റം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും എം.പിമാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
അതിനിടെ അസ്സമിൽ വീണ്ടും മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. അഭിസാർ ശർമക്കെതിരെയാണ് കേസെടുത്തത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടുള്ള വീഡിയോക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.