ഭഗത് സിങ് വോട്ടർപ്പട്ടികയിൽ!; വിവാദം, കരട് പട്ടികയെന്ന് കമീഷൻ

ചണ്ഡീഗഢ്: പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങിന്റേതെന്ന് കരുതുന്ന ചിത്രം വന്നതോടെ രാഷ്ട്രീയ വിവാദം കത്തുന്നു. ഒരു വോട്ടറുടെ ചിത്രത്തിന് പകരമാണ് ഭഗത് സിങിന്റേതെന്ന് കരുതുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പിശക് നേരത്തെ തന്നെ കണ്ടെത്തുകയും തിരുത്തുകയും ചെയ്തിരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ പാർട്ട് 38-ൽ 422-ാം ക്രമനമ്പറിലുള്ള വോട്ടർക്ക് നേരെയാണ് ഭഗത് സിങിനോട് സാദൃശ്യമുള്ള ചിത്രം കണ്ടെത്തിയത്. കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് രാജ വാറിങ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെയാണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ടത്. 'ഇത് കൂടി കാണാൻ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ' എന്ന് കുറിച്ചുകൊണ്ടാണ് അമരീന്ദർ സിങ് രാജ വാറിങ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

എന്നാൽ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം തെറ്റായി വന്നത് മുൻപത്തെ വോട്ടർ പട്ടികയിലാണെന്നും ലുധിയാന ജില്ലാ ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. അത് 2026 ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ പരിശോധനയ്ക്കിടെ പിശക് കണ്ടെത്തുകയും തിരുത്തുകയും ചെയ്തെന്നും ശരിയായ ചിത്രമടങ്ങിയ അന്തിമ വോട്ടർ പട്ടിക തയ്യാറായിക്കഴിഞ്ഞുവെന്നും ഒക്ടോബർ 12-ന് അത് പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും, ആയിരക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റുന്നതിനെക്കുറിച്ച് ബി.ജെ.പി നേതാവിന്റേതെന്ന പേരിൽ പ്രചരിച്ച പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കുമിടെയാണ് പുതിയ ഫോട്ടോ വിവാദവും ഉയർന്നു വന്നിരിക്കുന്നത്.

Tags:    
News Summary - Bhagat Singh Photo On Ludhiana Voter Roll Sparks Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.