ന്യൂഡൽഹി: വർഷങ്ങളായി ജീവച്ഛവമായി കഴിയുന്ന 32 വയസ്സുള്ള മകന് ദയാവധം നൽകണമെന്ന പിതാവിന്റെ ഹരജിയിൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നോയിഡ ജില്ലാ ആശുപത്രിയോട് സുപ്രീംകോടതി നിർദേശിച്ചു. ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ വിച്ഛേദിക്കണമോയെന്ന് തീരുമാനിക്കാൻ രോഗിയുടെ അവസ്ഥ വിലയിരുത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് നിർദേശിച്ചത്.
അന്തസ്സോടെ മരിക്കാനുള്ള വ്യക്തിയുടെ മൗലികാവകാശം അംഗീകരിച്ച് ദയാവധത്തിന് അനുമതി നൽകുന്ന 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്. മകന് ദയാവധം ആവശ്യപ്പെട്ട് പിതാവ് 2024ലും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. എന്നാൽ, കോടതി നിർദേശപ്രകാരം രോഗിയുടെ ചികിത്സാ ചെലവ് ഉത്തർപ്രദേശ് സർക്കാർ ഏറ്റെടുത്തു. എന്നാൽ, മകന്റെ അവസ്ഥ പിന്നെയും വഷളായെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് വീണ്ടും കോടതിയിലെത്തിയത്.
രോഗിയുടെ ജീവൻ കൃത്രിമമായി ട്യൂബിട്ട് നിലനിർത്തുന്നതാണെന്നും 100 ശതമാനം വൈകല്യം ബാധിച്ച മകന്റെ ജീവൻരക്ഷാ യന്ത്രങ്ങൾ പിൻവലിക്കാൻ അനുവദിക്കണമെന്നും പിതാവിനുവേണ്ടി ഹാജരായ അഭിഭാഷക രശ്മി നന്ദകുമാർ വാദിച്ചു. തുടർന്നാണ് ബോർഡ് രൂപവത്കരിക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.