ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കാൻ രൂപംകൊടുത്ത സമിതികൾ ഭരണഘടനാപരമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് അനൂപ് ബറൻവാൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി സർക്കാറുകൾ സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലായിരുന്നു ഹരജി. ഏക സിവിൽ കോഡ് പഠിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന ഹരജിയിലെ വാദം തള്ളിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്താണതിൽ തെറ്റെന്ന് തിരിച്ചുചോദിച്ചു. ഭരണഘടനയുടെ 162ാം അനുച്ഛേദം നൽകുന്ന അധികാരമുപയോഗിച്ചാണ് ഉത്തരാഖണ്ഡ് സർക്കാർ ഏക സിവിൽ കോഡ് പഠിക്കാൻ സമിതിയെ ഉണ്ടാക്കിയതെന്നും ചീഫ് ജസ്റ്റിസ് തുടർന്നു. കൺകറന്റ് ലിസ്റ്റിലെ അഞ്ചാമത്തേത് എന്താണെന്ന് നോക്കൂ. ഈ ഹരജി നിലനിൽക്കുന്നതല്ല. ഹരജി സുപ്രീംകോടതി തള്ളണോ അതോ നിങ്ങൾതന്നെ പിൻവലിക്കുന്നോ എന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു.
ഗുജറാത്തും ഉത്തരാഖണ്ഡും ഏക സിവിൽ കോഡിന് ചട്ടക്കൂടുണ്ടാക്കാൻ സമിതികളെയുണ്ടാക്കിയതാണ് ഹരജിയിൽ ചോദ്യംചെയ്തിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമനിർമാണസഭ സംസ്ഥാനങ്ങൾക്ക് എത്രത്തോളം അധികാരം നൽകുന്നുവെന്ന് ഭരണഘടനയുടെ 162ാം അനുച്ഛേദം സൂചിപ്പിക്കുന്നുണ്ട്. ഒരു സമിതിയുണ്ടാക്കുന്നതുതന്നെ ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ച് ചോദ്യംചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത നിയമമുണ്ടാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണെന്ന് വെള്ളിയാഴ്ച ബി.ജെ.പി നേതാവിന്റെ ഹരജിയിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇത് ശരിവെക്കുകയും ചെയ്തു.
ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കേണ്ടതില്ലെന്നും നിയമനിർമാണ സഭകൾ അക്കാര്യം തീരുമാനിക്കുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ബോധിപ്പിച്ചു.
ഈ വാദം ശരിവെച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യം നിയമനിർമാണ സഭകളുടെ അധികാരപരിധിയിലാണെന്നും പാർലമെന്റ് തീരുമാനിക്കട്ടെ എന്നും അഭിപ്രായപ്പെട്ടു. വിവാഹ, വിവാഹമോചന നിയമങ്ങൾ ഏകീകരിക്കണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിയമ കമീഷന് സുപ്രീംകോടതി നിർദേശം നൽകണമെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ആവശ്യം. അതേസമയം, ഭാര്യക്കും ഭർത്താവിനും അവരാഗ്രഹിക്കുമ്പോൾ വിവാഹത്തിനും വിവാഹമോചനത്തിനും സാധ്യമാകുന്ന വിവാഹ, വിവാഹമോചന നിയമങ്ങൾ മുസ്‍ലിം വ്യക്തി നിയമത്തിലുള്ളതിനാൽ അവർക്ക് ഏകീകൃത നിയമത്തിന്റെ ആവശ്യമില്ലെന്ന് മുസ്‍ലിം ഹരജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഹുസൈഫ അഹ്മദി വാദിച്ചു. തങ്ങൾ അതേക്കുറിച്ചല്ല പറയുന്നതെന്നും കുറെ കൂടി വിശാലമായ അർഥത്തിലാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.