ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ മുൻകൂർ അനുമതി കൂടാതെ വനഭൂമി പാട്ടത്തിന് കൊടുക്കാനോ കൃഷിക്കായി ഉപയോഗിക്കാനോ പാടില്ലെന്ന് സുപ്രീംകോടതി. അനുമതിയില്ലാതെ അത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്നും ഉടൻ നിർത്തിവെക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.
വനഭൂമിയുടെ പാട്ടം തുടരാൻ ഗാന്ധി ജീവൻ കലക്ടിവ് ഫാമിങ് കോഓപറേറ്റിവ് സൊസൈറ്റിക്ക് അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ ഉത്തരവ് പരമോന്നത കോടതി റദ്ദാക്കി. അത് തിരിച്ചുപിടിച്ച് 12 മാസത്തിനുള്ളിൽ അവിടെ മരത്തൈകൾ നട്ടുപിടിപ്പിക്കണമെന്ന് കർണാടക വനം വകുപ്പിന് കോടതി നിർദേശം നൽകി.
കാർഷികാവശ്യത്തിനായി പ്രസ്തുത സഹകരണ സംഘത്തിന് 134 ഏക്കർ വനഭൂമിയാണ് പത്ത് വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. അത് വൻതോതിലുള്ള വനനശീകരണത്തിന് ഇടയാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. വനഭൂമി കൃഷി ഉൾപ്പെടെയുള്ള വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി കർശന നിർദേശം നൽകി.
സർക്കാർ വനഭൂമി പാട്ടത്തിന് നൽകിയതുതന്നെ ശരിയായ നടപടിയല്ല. നിയമവിരുദ്ധമായ അത്തരം നടപടികൾ ആവർത്തിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഭൂമി തിരിച്ചുപിടിച്ച് വിദഗ്ധരുമായി കൂടിയാലോചിച്ച് അവിടെ മരങ്ങളും നാടൻ സസ്യങ്ങളും നട്ടുപിടിപ്പിക്കണമെന്ന് കോടതി നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.