ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപ ഗൂഢാലോചന കുറ്റവും യു.എ.പി.എയും ചുമത്തി ജയിലിലടച്ച വിദ്യാർഥി നേതാക്കളെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലാക്കാനുള്ള നീക്കത്തെ സുപ്രീംകോടതി വിമർശിച്ചു. ജനത്തെ അനാവശ്യമായി ജയിലഴിക്കുള്ളിലാക്കുന്നതിൽ സുപ്രീംകോടതിക്ക് വിശ്വാസമില്ലെന്ന് പിഞ്ച്റ തോഡ് നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയുമായി വന്ന ഡൽഹി പൊലീസിനെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ‘നിങ്ങൾക്ക് വേണമെങ്കിൽ ആകാശവും ആവശ്യപ്പെടാമെന്നും അതിൽനിന്നും നിങ്ങളെ തടയുന്നില്ലെന്നും’ ബെഞ്ച് പ്രതികരിച്ചു.
ഡൽഹി കലാപ കേസിൽ ഇപ്പോൾ കാണുന്നതുപോലെയല്ല ജാമ്യ ഹരജികൾ പരിഗണിക്കേണ്ടതെന്നും ഇത്തരത്തിൽ ഇവ കൈകാര്യം ചെയ്യരുതെന്നും ജസ്റ്റിസ് കൗൾ തുടർന്നു. ഹൈകോടതികൾ ജാമ്യഹരജികളിൽ വാദം കേൾക്കാൻ നിരവധി മണിക്കൂറുകൾ കളയേണ്ടതുണ്ടോ? കോടതികളുടെ സമയം പൂർണമായും പാഴാക്കലാണിത്. ജാമ്യ ഹരജികളിൽ സമ്പൂർണ വാദം കേൾക്കൽ ആവശ്യപ്പെടുകയാണ് ഇരുപക്ഷവും. തനിക്കിത് മനസ്സിലാകുന്നില്ല. നിരവധി ജാമ്യ ഹരജികളുമായി സുപ്രീംകോടതിക്ക് മുന്നിൽ നിൽക്കുമ്പോഴാണ് താൻ ഈ ചോദ്യമുന്നയിക്കുന്നതെന്ന് ജസ്റ്റിസ് കൗൾ ഡൽഹി പൊലീസ് അഭിഭാഷകനോട് പറഞ്ഞു. ഇത് മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് എന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിന്റെ ചോദ്യം ഉയർത്തണമെന്ന് ജാമ്യം കിട്ടിയവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബെഞ്ചിനോട് ആവശ്യപ്പെട്ടു.
ഡൽഹി ഹൈകോടതി മൂവർക്കും അനുവദിച്ച ജാമ്യം റദ്ദാക്കാനാണ് ഡൽഹി പൊലീസ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസ് കൗളിന് പുറമെ ജസ്റ്റിസുമാരായ അഭയ് എസ്. ഓകയും ജെ.ബി പർദിവാലയുമാണ് അപ്പീൽ പരിഗണിച്ചത്. അതേസമയം, ദേവാംഗനക്ക് ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധി ഡൽഹി കലാപ കേസിൽ പ്രതികളാക്കപ്പെട്ട മറ്റുള്ളവർ കീഴ്വഴക്കമായി എടുക്കരുതെന്ന സുപ്രീംകോടതി പരാമർശം നീക്കം ചെയ്യണമെന്ന ആവശ്യമായി ചില പ്രതികൾ ഡൽഹി പൊലീസിന്റെ ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി. സുപ്രീംകോടതി നടത്തിയ ഈ പരാമർശം കാരണം തങ്ങളിപ്പോഴും ജയിലിലാണെന്നും വിചാരണ കോടതി ജാമ്യം നൽകുന്നില്ലെന്നും കേസിലെ മറ്റു പ്രതികളുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ഡൽഹി പൊലീസിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ മറ്റൊരു ബെഞ്ചിന് മുന്നിലായിരുന്നു. പകരം ഹാജരായ അഭിഭാഷകൻ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സുപ്രീംകോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.