ന്യൂഡൽഹി: ആസിഡ് ആക്രമണത്തിൽ രക്ഷപ്പെട്ടവർക്കും കാഴ്ച വൈകല്യമുള്ളവർക്കും ബാങ്കിങ്, ഇ-ഗവർണേനസ് സേവനങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഡിജിറ്റൽ ആക്സസ് മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ആസിഡ് ആക്രമണത്തിൽ കണ്ണിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റവരുടെ ഇ-കെ.വൈ.സി പ്രക്രിയയിൽ പുതിയ മാർഗനിർദേശങ്ങൾ രൂപപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കുകയെന്നത് വ്യക്തിയുടെ മൗലികാവകാശമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ ഡിജിറ്റൽ പരിവർത്തനം നടക്കുമ്പോഴാണ് യഥാർഥ തുല്യത സാധ്യമാകുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സർക്കാർ പോർട്ടലുകൾ, പഠന പ്ലാറ്റ്ഫോമുകൾ എന്നിവ എല്ലാവിഭാഗം ആളുകൾക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജീവിക്കാനുള്ള അവകാശം സംബന്ധിച്ച ഭരണഘടനയുടെ 21–ാം വകുപ്പ് പുതിയ സാങ്കേതിക യാഥാർഥ്യങ്ങൾക്ക് അനുസൃതമായി പുനർവ്യാഖ്യാനം ചെയ്യണമെന്നും കോടതി പറഞ്ഞു.
ഡിജിറ്റൽ വിടവ് നികത്തുകയെന്നത് വെറും നയപരിപാടിയല്ല. ഓരോ വ്യക്തിക്കും പൊതുജീവിതത്തിൽ അന്തസ്സും തുല്യാവസരവും കൊണ്ടുവരാനുള്ള ഭരണഘടനയിലെ അനിവാര്യതയായി കൂടിയാണെന്ന് ജഡ്ജിമാരായ ജെ.പി. പർദിവാല, ആർ. മഹാദേവൻ എന്നിവർ വ്യക്തമാക്കി. ഉൾഗ്രാമങ്ങളിലുള്ളവർക്ക് ഭരണപരവും ക്ഷേമപരവുമായ അവസരങ്ങൾ നിഷേധിക്കാൻ ഡിജിറ്റൽ വിടവ് കാരണമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പ്രാപ്യത ഉറപ്പാക്കാൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നോഡൽ ഓഫിസർമാരെ നിയമിക്കണമെന്നതുൾപ്പെടെ 20 ഇന മാർഗരേഖയും രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.