ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യ നിഷേധം നിയമലംഘനം -സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ സമരത്തിനിറങ്ങിയ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്. ‘ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദമാണെന്നു’മുള്ളത് യു.എ.പി.എ കേസുകൾക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവടരങ്ങുന്ന ബെഞ്ച്, മറ്റൊരു യു.എ.പി.എ കേസിലെ ജാമ്യവിധിയിൽ വ്യക്തമാക്കി. വലിയ ബെഞ്ചുകൾ സൃഷ്ടിച്ച കീഴ്വഴക്കങ്ങൾ ചെറിയ ബെഞ്ചുകൾ ലംഘിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് ജാമ്യം നിഷേധിച്ച രണ്ടംഗ ബെഞ്ചിനെ സുപ്രീംകോടതി ഓർമിപ്പിച്ചു.

മൂന്നംഗ ബെഞ്ചിന്റെ വിധി മറികടന്നാണ് ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ഡിവിഷൻ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇരുവർക്കും ജാമ്യം നിഷേധിച്ചത് നിയമ ലംഘനമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചു. ജാമ്യം നിഷേധിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജിയും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ചാരിയ എന്നിവർ കഴിഞ്ഞ മാസം 20ന് തള്ളിയിരുന്നു.

കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചതിന് ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ച എല്ലാ വിദ്യാർഥി നേതാക്കൾക്കും ജാമ്യം അനുവദിച്ചപ്പോൾ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും മാത്രം നിഷേധിക്കുകയായിരുന്നു. ഇരുവർക്കും മേലുള്ള ആരോപണം കേസിന്റെ കേന്ദ്ര സ്ഥാനത്ത് അവരെ നിർത്തുന്നുണ്ടെന്ന് പറഞ്ഞാണ് അവർ ജയിൽവാസം തുടരട്ടെയെന്ന് സുപ്രീംകോടതി വിധിച്ചത്. ഭീകര പ്രവർത്തന ഫണ്ടിങ് ആരോപിച്ച് യു.എ.പി.എ ചുമത്തി ആറ് വർഷം ജയിലിലിട്ട സയ്യിദ് ഇഫ്തിഖാർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലാണ് സുപ്രീംകോടതി ബെഞ്ചിന്റെ വിമർശനം.

വിചാരണത്തടവ് നീണ്ടാൽ പ്രതിക്ക് ജാമ്യത്തിന് അർഹത

യു.എ.പി.എ കേസുകളിൽ വിചാരണക്കുള്ള കാലതാമസം ജാമ്യം നൽകാൻ മതിയായ കാരണമാണെന്ന 2021ലെ കെ.എം. നജീബ് കേസിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി അംഗീകരിക്കാതെയാണ് ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിവിധ സാഹചര്യങ്ങളാൽ വിചാരണ നീളുന്നത് പ്രതിയെ ജാമ്യത്തിന് അർഹനാക്കുമെന്ന് കെ.എ. നജീബ് കേസിലെ വിധി വായിച്ചാലറിയാമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ പ്രസ്താവിച്ചു. കെ.എ. നജീബ് കേസ് വിധിയിലെ ഈ നിർദേശം നടപ്പാക്കേണ്ട നിയമമാണ്. അത് അംഗീകരിക്കാതിരിക്കാനോ വെള്ളം ചേർക്കാനോ വിചാരണ കോടതിക്കോ ഹൈകോടതിക്കോ മൂന്നിൽ കുറഞ്ഞ ജഡ്ജിമാരുള്ള സുപ്രീംകോടതിയുടെത്തന്നെ ബെഞ്ചുകൾക്കോ സാധ്യമല്ല.

യു.എ.പി.എയിലെ 43 ഡി(5) വകുപ്പ് 21ാം അനുച്ഛേദത്തിന് മുകളിലല്ല

യു.എ.പി.എയിലെ കർക്കശ വകുപ്പായ 43 ഡി(5) ജാമ്യം അസാധ്യമാക്കുകയും വിചാരണ തടവ് അന്യായമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതാണ്. അതുമൂലം ഭരണഘടനയുടെ 21ാം അനുച്ഛേദം നൽകുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന് കണ്ടാണ് വിചാരണ നീണ്ടുപോകുന്നത് ജാമ്യത്തിനുള്ള ന്യായമായി നജീബ് കേസിൽ മൂന്നംഗ ബെഞ്ച് വിധിച്ചതെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ വിധിപ്രസ്താവത്തിൽ കുറിച്ചു. വലിയ ബെഞ്ചുകൾ പുറപ്പെടുവിക്കുന്ന വിധികൾ പിന്തുടരാൻ ചെറിയ ബെഞ്ചുകൾ ബാധ്യസ്ഥമാണ്. അതാണ് ജുഡീഷ്യറിയുടെ അച്ചടക്കം. അതിനാൽ, ഉമർഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച വിധി കോടതിയുടെ അച്ചടക്കത്തിനെതിരാണ്.

കുപ്‍വാരയിലെ ഹന്ദ്‍വാരയിൽനിന്ന് 2010 ജൂൺ 11ന് എൻ.ഐ.എ അറസ്റ്റ് ചെയ്ത സയ്യിദ് ഇഫ്തിഖാർ അന്ദ്രാബി, ഭീകര സംഘടനകളായ ലശ്കറെ ത്വയ്യിബക്കും ഹിസ്ബുൽ മുജാഹിദീനും ഫണ്ട് കണ്ടെത്താൻ ഹെറോയിൻ കടത്തിയെന്നാണ് ഏജൻസി ആരോപിച്ചത്. 2024ൽ വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അന്ദ്രാബി ഹൈകോടതിയിലെത്തി. തുടർന്ന് കുറ്റത്തിന്റെ ഗൗരവം ജാമ്യത്തിനുള്ള അർഹതയേക്കാൾ കനം തൂങ്ങുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. എന്നാൽ, ആ ന്യായം തള്ളിയാണ് സുപ്രീംകോടതി വിധി.

Tags:    
News Summary - Supreme Court says Denial of bail to Umar Khalid and Sharjeel Imam is a violation of the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.