സുപ്രീംകോടതി
ന്യൂഡൽഹി: ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള തൂക്കിലേറ്റൽ രീതി ഒഴിവാക്കി കൂടുതൽ വേദനയില്ലാത്ത ബദൽ മാർഗങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വിധി പുറപ്പെടുവിച്ചത്. തൂക്കിലേറ്റുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനോ, ഇതുമായി ബന്ധപ്പെട്ട മുൻകാല സുപ്രീം കോടതി വിധി (ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസ്) പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന് വിടാനോ തക്ക കാരണങ്ങൾ നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്ര 2017-ൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സി.ആർ.പി.സി) സെക്ഷൻ 354(5) [ഇപ്പോഴത്തെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - ബി.എൻ.എസ്.എസിലെ സെക്ഷൻ 393(5)] പ്രകാരമുള്ള തൂക്കിക്കൊല്ലൽ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും, ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉൾപ്പെടുന്നുവെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. വിഷം കുത്തിവെക്കൽ പോലുള്ള വേദനയില്ലാത്ത രീതികൾ ആഗോളതലത്തിൽ പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹരജി തള്ളിയെങ്കിലും, ഈ വിഷയത്തിൽ ഭാവിയിൽ പരിശോധനകൾക്ക് സാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ വിശ്വസനീയമായ ശാസ്ത്രീയമോ മെഡിക്കലോ ആയ തെളിവുകൾ പുറത്തുവന്നാൽ വിഷയം വീണ്ടും പരിശോധിക്കാവുന്നതാണ്. ഭരണഘടനയുടെ വ്യാഖ്യാനം കാലാനുസൃതവും വികസിച്ചുകൊണ്ടിരിക്കുന്നതുമാണെന്നും ശാസ്ത്രീയ പുരോഗതികൾക്ക് അനുസൃതമായി നിയമങ്ങളിൽ മാറ്റങ്ങൾ വരാമെന്നും കോടതി ചൂണ്ടിക്കാട്ടി.
തൂക്കിലേറ്റുന്നതിനേക്കാൾ വേദന കുറഞ്ഞതും അന്തസ്സുള്ളതുമായ മറ്റ് രീതികൾ നിലവിലുണ്ടോയെന്ന് പരിശോധിക്കാൻ ഫോറൻസിക് മെഡിസിൻ, ന്യൂറോ സയൻസ്, ക്രിമിനോളജി, നിയമ വിദഗ്ധർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിന് തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വാദത്തിനിടെ, വിഷയം സർക്കാർ തലത്തിൽ പരിശോധിച്ചുവരികയാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
വാദത്തിനിടെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്ക് നിയമസഹായം നൽകുന്ന ‘പ്രോജക്ട് 39A’ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ വിഷയം ആഴത്തിൽ പഠിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. പല വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്ന ലെതൽ ഇൻജക്ഷൻ (വിഷം കുത്തിവെക്കൽ) പൂർണമായും പരാജയരഹിതമോ വേദനയില്ലാത്തതോ അല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ വധശിക്ഷാ രീതികളെക്കുറിച്ച് ശാസ്ത്രീയമായ വിശദ പഠനം ആവശ്യമാണെന്നും അവർ കോടതിയിൽ വാദിച്ചു.
ശിക്ഷ നടപ്പാക്കുമ്പോൾ അനാവശ്യമായ ശാരീരിക പീഡനങ്ങളും വേദനയും പരമാവധി ഒഴിവാക്കുക എന്ന ഭരണഘടനാപരമായ ലക്ഷ്യത്തിന് മുൻഗണന നൽകണമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തൂക്കിലേറ്റൽ നിർത്തലാക്കാൻ കോടതി നേരിട്ട് ഉത്തരവിട്ടിട്ടില്ലെങ്കിലും, ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതികൾ വിലയിരുത്തി കൂടുതൽ മാനുഷികമായ മാർഗങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് വിധി അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.