ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് സെർച്ച് കമ്മിറ്റി മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തരുതെന്ന് അടിയന്തര നിർദേശം നൽകുന്നതിനുള്ള കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അപേക്ഷ സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, കെ. വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ച് അപേക്ഷ തള്ളിയത്. ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ഗവർണർക്ക് വേണ്ടി അറ്റോണി ജനറൽ നടത്തിയ അപേക്ഷ സുപ്രീംകോടതി തള്ളി.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരായി പരിഗണിക്കേണ്ടവരുടെ പാനല്‍ ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ അധ്യക്ഷതയിലുള്ള സമിതി തയാറാക്കുമ്പോള്‍ ഇതില്‍ മുന്‍ഗണനക്രമം നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് സുപ്രീംകോടതി നല്‍കിയിരുന്നത്.
പശ്ചിമ ബംഗാള്‍ വി.സി നിയമന കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, ബംഗാള്‍ കേസില്‍ ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ പിന്നീട് മാറ്റംവരുത്തിയിട്ടുണ്ടെന്നും അതിനാൽ, കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല കേസിലും ഇതിനനുസൃതമായ മാറ്റം വരുത്തണമെന്നും അറ്റോണി ജനറൽ വാദിച്ചു. എന്നാല്‍, ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.