ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ പങ്കെടുത്തുവെന്നത് ഗാർഹിക അതിക്രമ കേസിൽ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള പ്രതിരോധമാവില്ല എന്ന് സൈനികൻ പ്രതിയായ കൊലക്കേസിൽ സുപ്രീകോടതി. സ്ത്രീധന കൊലപാതകക്കേസിൽ പ്രതിയായ സൈനികൻ 20 വർഷമായി ബ്ലാക്ക് ക്യാറ്റ് കമാൻഡോ ആണെന്നും ഓപറേഷൻ സിന്ദൂരിൽ പങ്കെടുത്തിട്ടുണ്ടെന്നുമുള്ള അഭിഭാഷകന്റെ വാദം സുപ്രീംകോടതി നിരസിച്ചു. എൻ.എസ്.ജിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട ബൽജീന്ദർ സിങ് രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അമൃത്സർ വിചാരണ കോടതിയും പഞ്ചാബ്, ഹരിയാന ഹൈകോടതിയും ഒരേസമയം കണ്ടെത്തിയ വസ്തുതകൾ ചോദ്യം ചെയ്ത് സിങ് സമർപ്പിച്ച ഹരജിയിൽ ആണ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.
വിവാഹം നടന്ന് രണ്ടു വർഷം കഴിഞ്ഞ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് 2004 ൽ സെഷൻസ് കോടതി സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. വിധിക്കും ശിക്ഷക്കുമെതിരായ സിങ്ങിന്റെ അപ്പീൽ അടുത്തിടെ ഹൈകോടതി തള്ളുകയും ഉടൻ കീഴടങ്ങി ശിക്ഷ അനുഭവിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, വാദം കേൾക്കലിൽ സുപ്രീംകോടതി ബെഞ്ച് ഹൈകോടതി ഉത്തരവിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കിയ സിങ്ങിന്റെ അഭിഭാഷകൻ, തന്റെ കക്ഷി രണ്ട് പതിറ്റാണ്ടായി ഒരു ബ്ലാക്ക് ക്യാറ്റ് കമാൻഡോയാണെന്നും പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചു.
അഭിഭാഷകൻ ഇക്കാര്യം പറഞ്ഞ ഉടൻ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഭൂയാൻ മറുപടി ഇങ്ങനെയായിരുന്നു: ‘എങ്കിലത് വീട്ടിൽ അതിക്രമം ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് ഒരു പ്രതിരോധശേഷിയും നൽകുന്നില്ല. നിങ്ങൾ എത്രത്തോളം ശാരീരികമായി യോഗ്യനാണെന്നും ഇങ്ങനെയൊരാൾക്ക് മാത്രമേ ഭാര്യയെ കൊല്ലാൻ കഴിയൂ എന്നും ഇത് കാണിക്കുന്നു’ എന്നും സെഷൻസ് കോടതിയും ഹൈകോടതിയും ശിക്ഷ വിധിക്കുമ്പോൾ രേഖപ്പെടുത്തിയ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
സിങ്ങിന്റെ അപ്പീലിൽ പഞ്ചാബ് സർക്കാറിന് ബെഞ്ച് ഔദ്യോഗികമായി നോട്ടീസ് നൽകുകയും കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 29 ലേക്ക് മാറ്റുകയും ചെയ്തു.
പ്രതി ഒരു ബ്ലാക്ക് ക്യാറ്റ് കമാൻഡോ ആണെന്ന് സിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകൻ അവകാശപ്പെട്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്നതിന് ഒരു സ്വതന്ത്ര സ്രോതസ്സും ഇല്ല. വ്യക്തികളുടെ കർശനമായ പശ്ചാത്തല പരിശോധനക്കു ശേഷമാണ് എൻ.എസ്.ജി കമാൻഡോകളെ നിയമിക്കുക. അവരുടെ മുൻഗാമികളെക്കുറിച്ചടക്കമുള്ള വിവരങ്ങൾ ഇതിന്റെ ഭാഗമായി സൂക്ഷിക്കുകയും ചെയ്യും.
2004ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷവും സിങ്ങിന് എങ്ങനെ എൻ.എസ്.ജി കമാൻഡോയായി തുടരാൻ കഴിഞ്ഞുവെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.വി.ഐ.പികൾക്കുള്ള 24 മണിക്കൂർ സുരക്ഷക്ക് എൻ.എസ്.ജികളെ നിയോഗിക്കും. കൂടാതെ നിർണായക പോരാട്ട പ്രവർത്തനങ്ങളിലും ഇവർ പങ്കെടുക്കും.
കേന്ദ്ര സിവിൽ സർവിസ് ചട്ടങ്ങൾ അനുസരിച്ച് 48 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ കഴിഞ്ഞ ഒരു സിവിൽ സർവിസ് ഉദ്യോഗസ്ഥനെ സ്വയമേവ സസ്‌പെൻഡ് ചെയ്യാമെന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.