ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനെതിരായ ബലാത്സംഗ പരാതി റദ്ദാക്കണമെന്ന അപ്പീൽ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കണമെന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ടുള്ള അപ്പീൽ സുപ്രീംകോടതി തള്ളി. തനിക്കെതിരെ ഒരു വനിത നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന ഉത്തരവിനെതിരെ ഷാനവാസ് ഹുസൈൻ നൽകിയ അപ്പീൽ തള്ളിയാണ്, അന്വേഷണം നടക്കട്ടേയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

‘‘ഇതിൽ താങ്കളായിരിക്കാം ഇര, പരാതിക്കാരി ഇരയല്ല എന്നും വരാം... പക്ഷേ ഇതിന്റെ നേർ വിപരീത സാധ്യതയും ഉണ്ടല്ലോ. അതുകൊണ്ട് അന്വേഷണം നടക്കട്ടെ. നിയമം അനുശാസിക്കുന്ന എല്ലാ പരിരക്ഷയും താങ്കൾക്കും ലഭിക്കും’’ -ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ബി.ജെ.പി നേതാവിനോട് പറഞ്ഞു.

സ്വതന്ത്ര അന്വേഷണം നടക്കട്ടെയെന്നും ഒന്നും ഇല്ല എന്ന് കണ്ടെത്തിയാൽ താങ്കളുടെ കക്ഷിയെ കുറ്റമുക്തനാക്കുമെന്നും, ഹുസൈനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗിയോട് കോടതി വ്യക്തമാക്കി.

പരാതിക്കാരിക്ക് ഹുസൈന്റെ സഹോദരനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മുൻ കേന്ദ്രമന്ത്രിക്കെതിരെ ഉണ്ടായതെന്നുമുള്ള വാദവും കോടതി പരിഗണിച്ചില്ല. ആദ്യം വിചാരണക്കോടതിയുടെയും പിന്നീട് ഹൈകോടതിയുടെയും ഉത്തരവുകൾ ഹുസൈന് എതിരാണെന്നതും സുപ്രീംകോടതി എടുത്തു പറഞ്ഞു.

ഡൽഹി സ്വദേശിയായ വനിത 2018ലാണ് ഹുസൈനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ ബലാത്സംഗ പരാതി നൽകിയത്.

Tags:    
News Summary - Supreme Court rejected the appeal to quash the rape complaint against BJP leader Shahnawaz Hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.